വണ്ടിപ്പെരിയാറില്‍ കാട്ടുപോത്തിന്‍റെ ആക്രമണം: രണ്ട് സ്ത്രീ തൊഴിലാളികൾക്ക് പരിക്ക്
ഇടുക്കി: കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ട് എസ്റ്റേറ്റ് തൊഴിലാളികൾക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാർ മഞ്ചുമല പുതുക്കാട് സ്വദേശികളായ അനിത (42), വസന്തമാല (42) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8 മണിയോടു കൂടിയാണ് സംഭവം. പരിക്കേറ്റവരെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
വണ്ടിപ്പെരിയാർ മഞ്ചുമല പുതുക്കാട് പതിനാലാം നമ്പർ തേയിലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായത്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന ഉണ്ടായിരുന്ന തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. ഓടുന്നതിനിടെ ഒപ്പം തേയിലക്കാട്ടിൽ വീണ നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്. എസ്റ്റേറ്റ് തൊഴിലാളികളായ സരസ്വതി, റഹിണി, ജാൻസി, മഹേശ്വരി എന്നിവർക്കാണ് പരിക്കേറ്റത്. ഇവർക്ക് എസ്റ്റേറ്റ് ഡിസ്പൻസറിയിൽ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.
രാവിലെ ജോലിക്ക് എത്തിയ ഉടൻ ആയിരുന്നു സംഭവം. ഈ മേഖലയിൽ കാട്ടുപോത്തിനെ നിരന്തരം കാണുന്നതായും ആക്രമണം ഉണ്ടായിരിക്കുന്നത് ആദ്യമായാണെന്നും ഇവർ പറഞ്ഞു. വന്യമൃഗത്തിന്‍റെ ആക്രമണം ഭയന്ന് ജോലിക്ക് പോകാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നും വനംവകുപ്പ് അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇവർ പറഞ്ഞു.
ടോൾ ഫ്രീ നമ്പര്‍: 18004254733:കാട്ടുപോത്തിന്‍റെ ആക്രമണം നേരിടാൻ സംസ്ഥാനത്ത് 24 മണിക്കൂർ പ്രവർത്തിക്കുന്ന ടോൾഫ്രീ നമ്പർ നിലവില്‍ വന്നു. പ്രശ്‌നമുണ്ടാകുമ്പോള്‍ മാത്രം മറ്റു സ്ഥലങ്ങളില്‍ നിന്ന് റാപ്പിഡ് റെസ്‌പോൺസ് ടീം എത്തുന്നതിന് പകരം ഹോട്‌സ്‌പോട്ടുകൾ കണ്ടെത്തി അവിടെ ആർആർടി ടീമിനെ വിന്യസിക്കാൻ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.