Wild boar| തൃശൂരിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു - കാട്ടുപന്നിയെ വെടിവച്ചുകൊന്നു
തൃശൂർ : തോളൂരിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. കുന്നിൽ ചിരയങ്കണ്ടത്ത് ജോർജിന്‍റെ വീട്ടിലെ കിണറ്റിലാണ് ഇന്നലെ കാട്ടുപന്നി വീണത്. കാട്ടുപന്നിയെ കിണറ്റിൽ കണ്ടതോടെ പഞ്ചായത്ത് അധികൃതരെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയച്ചു.
തുടർന്ന് പട്ടിക്കാട് നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുകയും പഞ്ചായത്ത് അധികാരികളുടെ നിർദ്ദേശ പ്രകാരം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കാട്ടുപന്നിയെ വെടിവെച്ച് കൊല്ലുകയും ചെയ്‌തു. ഈ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും നിരവധി കൃഷിയിടങ്ങളാണ് ദിനംപ്രതി നശിപ്പിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു.
പൊതു ജനങ്ങള്‍ക്ക് ശല്യമാകുന്ന തരത്തില്‍ ജനവാസ മേഖലകളിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവിന്‍റെ കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചിരുന്നു. കാട്ടുപന്നികളെ തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്‍മാരെ ചുമതലപ്പെടുത്തി 2022 മെയ് 28ലാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. ഈ ഉത്തരവിന്‍റെ കാലാവധിയാണ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയത്. ജൂലൈ 21ന് ചേർന്ന മന്ത്രിസഭ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. വിഷ പ്രയോഗത്തിലൂടെയോ ഷോക്കേൽപ്പിച്ചോ സ്‌ഫോടക വസ്‌തുക്കള്‍ ഉപയോഗിച്ചോ കാട്ടുപന്നികളെ കൊല്ലുന്നതിന് വിലക്കുണ്ട്.