ഉദ്‌ഘാടനകനായി കാനത്തെ കാത്തിരുന്നു; കെട്ടിടം ഒടുവില്‍ കാനം സ്‌മാരകമായി - Wandoor news
Published : Dec 27, 2023, 6:46 PM IST
മലപ്പുറം: അന്തരിച്ച സി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന വണ്ടൂരിലെ സി പി ഐ മണ്ഡലം കമ്മിറ്റി ഓഫിസ് ഇനി കാനം രാജേന്ദ്രൻ സ്‌മാരകമാവും. സംസ്ഥാനത്തെ ആദ്യത്തെ കാനം സ്‌മാരക മന്ദിരമാണ് വണ്ടൂരിൽ ഇന്ന് ഉദ്‌ഘാടനം കഴിഞ്ഞത്. വണ്ടൂർ പൂക്കുളത്താണ് കെട്ടിടം. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ സ്‌മാരകം ഉദ്ഘാടനം ചെയ്‌ത് നാടിന് സമർപ്പിച്ചു. ചടങ്ങിൽ കാനത്തിന്‍റെ ഫോട്ടോ അനാച്ഛാദനം സിപിഐ സംസ്ഥാന സെക്രട്ടറി പി പി സുനീർ നിർവഹിച്ചു. മണ്ഡലം കമ്മറ്റി ഓഫിസിൽ നിന്ന് വണ്ടൂർ ടൗണിലെ പൊതു സമ്മേളന നഗരിയിലേക്ക് താളമേള അകമ്പടിയോടെ ബഹുജന റാലിയും സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ പ്രഭാകരൻ മുൻകൈയെടുത്താണ് വണ്ടൂരിൽ മണ്ഡലം കമ്മിറ്റി ഓഫിസ് യാഥാർത്ഥ്യമാക്കിയത്. ഓഫിസിന്‍റെ ഒന്നാം നിലയിൽ കോൺഫറൻസ് ഹാളും താഴത്തെ നിലയിൽ പാർട്ടി ഓഫീസും ആയി പ്രവർത്തിക്കും. സി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ ഡിസംബർ 8ന് ആയിരുന്നു അന്തരിച്ചത്.