പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണു ; 2 പേര്‍ മരിച്ചു - എൻ വിനിൽ
പാലക്കാട് :കൊഴിഞ്ഞാമ്പാറയിൽ പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് രണ്ട് യുവാക്കൾ മരിച്ചു. ബുധനാഴ്‌ച ഉച്ചയ്ക്ക് മൂന്നരയോടെ കൊഴിഞ്ഞാമ്പാറ സർക്കാർ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. പെരുവമ്പ് വെള്ളപ്പന സ്വദേശി സി വിനു (36), പൊൽപ്പുള്ളി വേർകോലി സ്വദേശി എൻ വിനിൽ (32) എന്നിവരാണ് മരിച്ചത്. വീട് പൊളിക്കുന്നതിനിടെ ഇരുവരും കോൺക്രീറ്റ് സ്ലാബിന് അടിയിൽപ്പെടുകയായിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിനടിയില്‍പ്പെട്ട് തൊഴിലാളി മരിച്ചിരുന്നു. മൂന്ന് ദിവസം പകലും രാത്രിയും നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തി കിണറിന് പുറത്തെത്തിച്ചത്. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തായിരുന്നു സംഭവം.
തമിഴ്‌നാട് പാർവതീപുരം സ്വദേശി മഹാരാജ് (55) ആയിരുന്നു മരിച്ചത്. മഹാരാജിനെ പുറത്ത് എത്തിച്ചതിന് ശേഷം വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ശനിയാഴ്‌ച (08.07.23) രാവിലെ 9.30നായിരുന്നു അപകടം സംഭവിച്ചത്.
30 വർഷം പഴക്കമുള്ള കിണറ്റിലെ പഴയ റിങ്ങുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കിണറില്‍ സ്ഥാപിച്ചിരുന്ന പമ്പ് സെറ്റും അനുബന്ധ ഉപകരണങ്ങളും എടുത്തുമാറ്റി കയർ കെട്ടി മുകളിലേക്ക് കയറ്റുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്. സമീപത്തുണ്ടായിരുന്ന മറ്റൊരു തൊഴിലാളി അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.