കാഴ്‌ച പരിമിതിയെ നീന്തി തോൽപ്പിച്ചു; അകക്കണ്ണിന്‍റെ വെളിച്ചത്തിൽ ജലയോഗയും വരുതിയിലാക്കി വനിതകൾ - സ്വയം പ്രതിരോധം
Published : Jan 1, 2024, 6:45 PM IST
കോഴിക്കോട്: കാഴ്‌ചയുള്ളവർക്കും ഏറെ മേലെയാണ് ഈ കാഴ്‌ച പരിമിതിയുള്ള വനിതകൾ. പ്രയാസകരമായ ജലയോഗ പോലും നിമിഷനേരം കൊണ്ട് കീഴടക്കിയവർ. ജല യോഗയ്ക്ക് പുറമെ നീന്തലും സെൽഫ് ഡിഫൻസിലും ഇവര്‍ പ്രാവീണ്യം നേടി കഴിഞ്ഞു.(Visually Impaired Women Practice Jalyoga and Self Defense) പത്ത് ദിവസത്തെ പരിശീലനമാണ് പന്ത്രണ്ട് കാഴ്‌ച പരിമിതിയുള്ള വനിതകളെ ഏത് വെല്ലുവിളികളെയും ഫലപ്രദമായി തരണം ചെയ്യാൻ പ്രാപ്‌തരാക്കിയത്. കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് യൂത്ത് ഫോറവും ബെംഗളൂരുവിലെ ഇക്വുബിയിങ് ഫൗണ്ടേഷനും ചേർന്നാണ് പദ്ധതിയൊരുക്കിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ, പല പ്രായക്കാരായ കാഴ്‌ച പരിമിതിയുള്ള വനിതകളാണ് പരിശീലനത്തിൽ പങ്കെടുത്തത്. ഇതിനോടകം നിരവധി പേർക്ക് നീന്തലിലും ജലയോഗയിലും സെൽഫ് ഡിഫൻസിലും വിദഗ്‌ധ പരിശീലനം നൽകിയ കോഴിക്കോട് പയ്യടിമേത്തലെ ജികെഎംഎം സ്വിമ്മിങ് അക്കാദമിയിലാണ് (GKMM Swimming Academy) പന്ത്രണ്ട് പേർക്കും പരിശീലനം നല്‍കിയത്. ഇവര്‍ക്ക് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തമായി വളരെ പെട്ടെന്ന് തന്നെ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ കൃത്യതയോടെ സ്വായത്തമാക്കാനാവുന്നുണ്ട് എന്നുള്ളത് മുഖ്യ പരിശീലകനായ മോഹൻദാസിനെ പോലും ഞെട്ടിച്ചു. ദിവസവും ഒരു മണിക്കൂറാണ് പരിശീലനം. നീന്തലിൽ ഫ്രീ സ്‌റ്റൈലിൽ ആണ് ഇപ്പോൾ പരിശീലനം നൽകുന്നത്. പ്രളയത്തെയോ, സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളെയോ സധൈര്യം നേരിടാൻ ഇവിടെ നിന്ന് ലഭിച്ച പരിശീലനം കൊണ്ട് സാധിച്ചു എന്നാണ് പന്ത്രണ്ടു പേർക്കും പറയാനുള്ളത്. ശാരീരിക വെല്ലുവിളികൾ പലരെയും ഒറ്റപ്പെടുത്തുമ്പോൾ എന്തിനെയും നേരിടാനുള്ള മനക്കരുത്തും കൈക്കരുത്തും നേടാനുള്ള ഈ കാഴ്‌ച പരിമിതരുടെ ശ്രമം സമൂഹത്തിന് മാതൃകയാവുകയാണ്.