'ഈദിന് മുസ്ലിങ്ങളുടെ വീടുകളിലേക്ക്, വിഷുവിന് ക്ഷണിച്ച് കൈനീട്ടവും പായസവും' : ആഹ്വാനവുമായി പ്രകാശ് ജാവദേക്കര്‍ - സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ
എറണാകുളം :ഈദ് ദിനത്തിൽ ബിജെപി പ്രവർത്തകർ ഇസ്ലാം മതസ്ഥരുടെ വീട് സന്ദർശിക്കണമെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍. അതിനുപുറമെ ക്രിസ്‌ത്യൻ - മുസ്ലിം സമുദായത്തിൽപ്പെട്ടവരെ വിഷുവിന് വീട്ടിലേക്ക് ക്ഷണിക്കണമെന്നും കൈനീട്ടവും പായസവും നൽകണമെന്നും കൊച്ചിയിൽ ബിജെപി സംസ്ഥാന നേതൃയോഗത്തിന്‍റെ ഉദ്ഘാടനവേളയില്‍ അദ്ദേഹം പറഞ്ഞു.
ഈസ്റ്റർ ദിനത്തിൽ ഒരു ലക്ഷം ക്രൈസ്‌തവ വീടുകളിൽ ബിജെപി നേതാക്കൾ സന്ദർശനം നടത്തിയെന്ന് അവകാശപ്പെട്ട പ്രകാശ് ജാവദേക്കര്‍ ഈദുല്‍ ഫിത്തറിന് മുസ്ലിം വീടുകളിൽ നേതാക്കൾ എത്തി ആശംസകൾ നേരണമെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം കോർ കമ്മിറ്റി പുനസംഘടിപ്പിച്ചതായി ചില മാധ്യമങ്ങൾ നൽകിയ വാർത്ത തെറ്റാണെന്നും വസ്‌തുതകൾ അറിയാതെയും മനസിലാക്കാതെയും മാധ്യമങ്ങൾ വാർത്ത നൽകുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൈസ്‌തവ ജനവിഭാഗവുമായി ബിജെപി തുടങ്ങിയ ബന്ധം ശക്തമായി മുന്നോട്ട് കൊണ്ട് പോകുമെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ അറിയിച്ചു. വിചാരധാരയിലെ ക്രൈസ്‌തവർക്കെതിരായ പരാമർശം അന്നത്തെ സാഹചര്യത്തിലുള്ളതാണെന്ന് മത മേലധ്യക്ഷൻമാർ തന്നെ പറഞ്ഞിരിക്കുകയാണ്. ഈ ബന്ധം നിങ്ങൾക്ക് എളുപ്പത്തിൽ തകർക്കാൻ കഴിയില്ല. പരസ്‌പര വിശ്വാസത്തിന്‍റെയും വിശദമായ ആശയ വിനിമയങ്ങളുടെയും അടിസ്ഥാനത്തിൽ യോജിപ്പിന്‍റെ മേഖലകൾ കണ്ടെത്തിയാണ് ബന്ധത്തിന് തുടക്കം കുറിച്ചത്. രണ്ട് മുന്നണികളും ഏത് തരത്തിലുള്ള പ്രചാരണം നടത്തിയാലും ഏത് തരത്തിലും തുടങ്ങിവച്ച ബന്ധം തുടരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മുസ്ലിങ്ങളെ കോൺഗ്രസും, ഇടത് പാർട്ടികളും വോട്ട് ബാങ്കുകളായി കണക്കാക്കുമ്പോൾ തങ്ങൾക്ക് അവർ വോട്ട് ബാങ്കുകളല്ലെന്നും തുല്യ മനുഷ്യരാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ കൈയയച്ച് തുണച്ചവരാണ് കേന്ദ്രസര്‍ക്കാരെന്നും കെ സുരേന്ദ്രൻ അവകാശപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പരസ്യമായ ചർച്ചയ്‌ക്ക് ബിജെപി തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ന്യൂനപക്ഷങ്ങളുടെ വോട്ട് ബാങ്കിന്‍റെ പിൻബലത്തിലായിരുന്നു എല്ലാ ഭരണ പരാജയങ്ങളും രണ്ട് മുന്നണികളും മൂടിവച്ചത്. എന്നാൽ കേരളത്തിലെ രണ്ട് പ്രബല സമുദായങ്ങളിലും രണ്ട് മുന്നണികൾക്കും എതിരായ വികാരം നിലനിൽക്കുകയാണ്. മത ന്യൂനപക്ഷങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നതിനുള്ള ശ്രമം തുടങ്ങിയപ്പോൾ തന്നെ മുന്നണികൾക്ക് വേവലാതിയാണ്. ഒരു കാലത്തും ക്രൈസ്‌തവരുമായി ബിജെപിയും തമ്മിൽ സംസാരിച്ചുകൂടെന്ന നിലപാടാണ് മരുമകൻ മന്ത്രി സ്വീകരിക്കുന്നത്. ഒരു വിഭാഗത്തെ പ്രീണിപ്പിച്ച് എന്നും ഭരണത്തിൽ തുടരാനുള്ള ശ്രമമാണ് പിണറായി വിജയനും റിയാസും നടത്തുന്നത്' - കെ സുരേന്ദ്രൻ ആരോപിച്ചു. ഒ രാജഗോപാൽ, കുമ്മനം രാജശേഖരൻ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.