'സൗജന്യമെന്ന് കോണ്‍ഗ്രസ്, എന്തിന് പണം നൽകണമെന്ന് ജനം'; കർണാടകയിൽ വൈദ്യുതി ബില്ലടയ്‌ക്കാൻ വിസമ്മതിച്ച് ജനങ്ങൾ
ചിത്രദുർഗ (കർണാടക): വോട്ടർമാർക്ക് സൗജന്യ വൈദ്യുതി വാഗ്‌ദാനം ചെയ്‌ത കോൺഗ്രസിന്‍റെ പ്രകടന പത്രിക ചൂണ്ടിക്കാട്ടി വൈദ്യുതി ബില്ലടയ്‌ക്കാൻ വിസമ്മതിച്ച് ഗ്രാമവാസികൾ. കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ ജാളിക്കാട്ടെ ഗ്രാമത്തിലെ ജനങ്ങളാണ് കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്‌ദാനം മുൻനിർത്തി ബില്ലടയ്‌ക്കാൻ ജനങ്ങൾ വിസമ്മതിച്ചത്.
വൈദ്യുത നിരക്ക് ഈടാക്കാൻ എത്തിയ ഉദ്യോഗസ്ഥനോട് പണം തരില്ലെന്ന് പറയുന്ന ഗ്രാമവാസികളുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാൽ സർക്കാർ രൂപീകരണം പോലും ഇതുവരെ നടന്നിട്ടില്ലെന്നും അതിനാൽ സൗജന്യ നിരക്കിനെ സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കുന്നത് വരെ ബില്ലടയ്‌ക്കണമെന്നും ജീവനക്കാരൻ ഗ്രാമവാസികളോട് ആവശ്യപ്പെട്ടു.
എന്നാൽ ജനങ്ങൾ അത് നിഷേധിക്കുന്നതും ഉദ്യോഗസ്ഥനോട് തർക്കിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. അതേസമയം അനിശ്ചിതത്വത്തിൽ തുടരുന്ന കോണ്‍ഗ്രസിന്‍റെ സർക്കാർ രൂപീകരണത്തെ പരിഹസിക്കാൻ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചു.
ചിത്രദുർഗയിലെ ഗ്രാമവാസികൾ വൈദ്യുതി ബില്ലടയ്ക്കാൻ വിസമ്മതിച്ചെന്നും പണം നൽകരുതെന്ന് മറ്റുള്ളവരോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം ട്വീറ്റിലൂടെ പറഞ്ഞു. കോണ്‍ഗ്രസ് ഉടൻ മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്നും അല്ലെങ്കിൽ അരാജകത്വം ഉണ്ടാകുമെന്നും മാളവ്യ പരിഹാസ രൂപേണ ട്വീറ്റ് ചെയ്‌തു.
കർണാടകയിൽ അധികാരത്തിൽ വന്നാൽ എല്ലാ വീടുകൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്നാണ് കോൺഗ്രസ് പ്രകടന പത്രികയിൽ പറഞ്ഞിരുന്നത്.