Vijayadashami | തലസ്ഥാനത്ത് ആദ്യക്ഷര മധുരം, അറിവിന്‍റെ ലോകത്തേക്ക് കൈപിടിച്ച് പ്രമുഖർ
Published : Oct 24, 2023, 11:45 AM IST
|Updated : Oct 24, 2023, 12:29 PM IST
തിരുവനന്തപുരം:തലസ്ഥാന നഗരിയിൽ ആദ്യക്ഷരം കുറിച്ച് അറിവിന്‍റെ ലോകത്ത് ആദ്യ ചുവടുവെച്ച് നിരവധി കുരുന്നുകള്‍. വിജയദശമി ദിനത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കുഞ്ഞുങ്ങള്‍ ഹരിശ്രീ കുറിച്ചു (Vijayadashami - Huge Rush at Thiruvananthapuram for Vidyarambham). കലാ-സാംസ്‌കാരിക-സാമൂഹിക മേഖലയിലെ പ്രമുഖരാണ് കുരുന്നുകളെ എഴുത്തിനിരുത്തിയത്. പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ ശശി തരൂര്‍ എംപി, ചലച്ചിത്ര നടന്‍ കൊല്ലം തുളസി, കവി ഗിരീഷ് പുലിയൂര്‍ തുടങ്ങിയവര്‍ കുഞ്ഞുങ്ങളുടെ കൈ പിടിച്ച് ആദ്യക്ഷരം കുറിച്ചു. പൗര്‍ണമിക്കാവ് ദേവീക്ഷേത്രത്തില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. ഐരാണിമുട്ടം തുഞ്ചന്‍ സ്‌മാരകം, ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രം, ഋഷിമംഗലം ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലും പുലര്‍ച്ചെ മുതല്‍ നിരവധി രക്ഷിതാക്കള്‍ കുരുന്നുകളുമായി ആദ്യാക്ഷരം കുറിക്കാനെത്തി. ഐരാണിമുട്ടം തുഞ്ചന്‍ സ്‌മാരകത്തിലും പൂജപ്പുര മണ്ഡപത്തിലും നൃത്ത വിദ്യാര്‍ത്ഥികള്‍ ആദ്യ ചുവടുവെച്ചു. ക്ഷേത്രങ്ങള്‍ക്ക് പുറമെ രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. സംസ്ഥാന ശിശു ക്ഷേമ സമിതിയിലും കുഞ്ഞുങ്ങള്‍ ആദ്യക്ഷരം കുറിക്കാനെത്തി. എഎ റഹിം എംപി, ഹരിത വി കുമാര്‍ ഐഎഎസ് തുടങ്ങിയവരായിരുന്നു ശിശു ക്ഷേമ സമിതിയില്‍ കുഞ്ഞുങ്ങള്‍ക്ക് അദ്യാക്ഷരം കുറിച്ചത്. ദുര്‍ഗാഷ്‌ടമി ദിനമായ ഇന്നലെ തന്നെ ജില്ലയിലെ ക്ഷേത്രങ്ങളില്‍ വലിയ തിരക്കായിരുന്നു. ആര്യശാല ക്ഷേത്രം, ചെന്തിട്ട ക്ഷേത്രം, ശ്രീ പത്മനാഭ സ്വാമീ ക്ഷേത്രം, ആറ്റുകാല്‍ ഭഗവതി ക്ഷേത്രം, കരിക്കകം ചാമുണ്ഡി ക്ഷേത്രം, ഗാന്ധാരി അമ്മന്‍ കോവില്‍, ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രം, ശംഖുമുഖം ദേവീ ക്ഷേത്രം എന്നിവിടങ്ങളില്‍ ഇന്നലെ മുതല്‍ കനത്ത തിരക്കായിരുന്നു.
അക്ഷരവും ആശയവുമാണ് ആയുധമെന്ന് കവി ഗിരീഷ് പുലിയൂര്‍:അറിവിലൂടെയും അക്ഷര വിദ്യയിലൂടെയും അത് അഭ്യസിക്കുന്നതിലൂടെയും ഉയര്‍ന്ന് വന്ന മൂന്നര കോടി മനുഷ്യരുടെ ഏറ്റവും സുന്ദരമായ പൂന്തോട്ടമായി നമ്മുടെ സംസ്ഥാനം ഇന്ന് മാറിയിരിക്കുന്നു. അറിവാണ് മോചനത്തിനുള്ള ഏറ്റവും വലിയ ആയുധമെന്ന തിരിച്ചറിവ് കാരണമാണിത്. പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് അക്ഷരം കുറിക്കാന്‍ ലഭിക്കുന്ന ഈ അവസരം ഗുരു പരമ്പരകളുടെ അനുഗ്രഹമാണെന്നും കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് നൽകിയതിന് ശേഷം ഗിരീഷ് പുലിയൂര്‍ ഇടിവി ഭാരതിനോട് പ്രതികരിച്ചു.