CCTV in tomato box | 'പൊന്നും വിലയല്ലേ..'; തക്കാളി മോഷണം തടയാൻ സിസിടിവി കാമറ... - Tomato price
ഹാവേരി (കർണാടക) :രാജ്യത്താകമാനം തക്കാളി വില കുതിച്ചുയരുകയാണ്. പച്ചക്കറികളിലെ സ്വർണം എന്നാണ് തക്കാളിയെ ഇപ്പോൾ ജനം വിളിക്കുന്നത്. വില ക്രമാതീതമായി ഉയർന്നതോടെ വിവിധ ഭാഗങ്ങളിൽ തക്കാളി മോഷണവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇപ്പോൾ ഇത്തരത്തിൽ മോഷണം ഒഴിവാക്കുന്നതിനായി തക്കാളി പെട്ടിയിൽ സിസിടിവി കാമറ സ്ഥാപിച്ചിരിക്കുകയാണ് കർണാടകയിലെ ഹാവേരി ജില്ലയിലെ ഒരു പച്ചക്കറി വിൽപ്പനക്കാരൻ.
ജില്ലയിലെ ഹനഗൽ താലൂക്കിലെ അക്കിയലൂർ ഗ്രാമത്തിലെ പച്ചക്കറി വിൽപ്പന നടത്തുന്ന കൃഷ്‌ണപ്പയാണ് തക്കാളി കുട്ടയ്‌ക്കരികിൽ സിസിടിവി കാമറ സ്ഥാപിച്ചത്. തിരക്കേറിയ സമയങ്ങളിൽ പച്ചക്കറി വാങ്ങാനെത്തുന്നവർ ഒന്നോ രണ്ടോ തക്കാളി മോഷ്‌ടിച്ച് കടന്ന് കളയാറുണ്ടെന്നും അതിനാലാണ് കടയിൽ സിസിടിവി കാമറ സ്ഥാപിച്ചതെന്നും കൃഷ്‌ണപ്പ പറയുന്നു.
'മുൻപ് തക്കാളി വാങ്ങാനെത്തുന്നവർക്ക് ഒന്ന് രണ്ടെണ്ണം സൗജന്യമായി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ തക്കാളി കിലോ 150 രൂപയായി ഉയർന്നിരിക്കുകയാണ്. അതിനാൽ തന്നെ ഒരു തക്കാളിക്ക് പോലും വലിയ വിലയാണ് നൽകേണ്ടി വരിക. ഈ സാഹചര്യത്തിൽ തക്കാളി മോഷണം ഒഴിവാക്കാനാണ് കടയിൽ കാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്.' കൃഷ്‌ണപ്പ പറഞ്ഞു.
അതേസമയം സിസിടിവി കാമറ വച്ചതിന് പിന്നാലെ എല്ലാവരുടേയും ശ്രദ്ധ തന്‍റെ കടയിലേക്കാണെന്നും അതിനാൽ കൂടുതൽ കച്ചവടം ലഭിക്കുന്നുണ്ടെന്നും കൃഷ്‌ണപ്പ പറഞ്ഞു.