കേരളം

kerala

എന്‍എസ്‌എസ്‌ മാടമ്പിത്തരം കാണിക്കുന്നു, നേതൃ സ്ഥാനത്തുള്ളവര്‍ പിന്തിരിപ്പന്മാര്‍ : വെള്ളാപ്പള്ളി നടേശന്‍

By

Published : Apr 1, 2023, 11:04 PM IST

എന്‍എസ്‌എസിനെ വിമര്‍ശിച്ച് വെള്ളാപ്പള്ളി

കോട്ടയം :വൈക്കം സത്യഗ്രഹ ആഘോഷങ്ങളില്‍ നിന്ന് വിട്ടുനിന്ന എന്‍എസ്‌എസ്‌ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വൈക്കം സത്യഗ്രഹത്തോട് മുഖം തിരിച്ച സമീപനം ശരിയായ നിലപാടല്ലെന്നും ആഘോഷത്തില്‍ അവര്‍ പങ്കെടുക്കേണ്ടതായിരുന്നെന്നും വെള്ളാപ്പള്ളി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

മുഖ്യധാരയില്‍ നിന്ന് മാറി നിന്നത് ശരിയായില്ല. എന്‍എസ്‌എസ് നേതൃത്വത്തില്‍ നില്‍ക്കുന്നവര്‍ മാടമ്പിത്തരം കാണിക്കുകയാണെന്നും എന്നാല്‍ നായര്‍ സഹോദരന്മാരുടെ എല്ലാവരുടെയും നിലപാട് അങ്ങനെയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആഘോഷങ്ങളില്‍ നിന്ന് എന്‍എസ്‌എസ് മാറി നിന്നാലും ഒരു ചുക്കും സംഭവിക്കില്ല. പതിനായിരക്കണക്കിനാളുകളാണ് ഇന്ന് ഇവിടെയെത്തിയത്. സാമൂഹ്യ സത്യങ്ങള്‍ കാണാനും സമൂഹത്തിനൊപ്പം സഞ്ചരിക്കാനും കഴിയാത്ത എന്‍എസ്‌എസ്‌ കാലഹരണപ്പെട്ടു പോയിരിക്കുകയാണ്.  

കാലചക്രത്തെ പുറകോട്ട് നയിക്കുകയാണ് എന്‍എസ്‌എസ്‌ നേതൃത്വമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സംസ്ഥാന സർക്കാർ ഏല്ലാവരുടേതുമാണ്. ക്ഷണം സ്വീകരിച്ച് എന്‍എസ്‌എസ്‌ എത്തിയിരുന്നെങ്കില്‍ സമൂഹത്തിൽ അവര്‍ക്ക് സ്വീകാര്യത വര്‍ധിക്കുമായിരുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. 

വൈക്കം സത്യഗ്രഹത്തിന്‍റെ നൂറാം വാര്‍ഷികാഘോഷത്തിന് ഗംഭീര തുടക്കം:ആയിരക്കണക്കിന് ജനങ്ങളാണ് ഇന്ന് കോട്ടയത്തെ വൈക്കം സത്യഗ്രഹത്തിന്‍റെ നൂറാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ചേര്‍ന്നാണ് പരിപാടി ഉദ്‌ഘാടനം ചെയ്‌തത്. വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയ നവോത്ഥാന നായകരുടെ സ്‌മാരകങ്ങളില്‍  പുഷ്‌പാര്‍ച്ചന നടത്തിയതിന് ശേഷമാണ് ഇരുവരും ചേര്‍ന്ന് ഉദ്‌ഘാടനം നിര്‍വഹിച്ചത്. 

ABOUT THE AUTHOR

...view details