പച്ചവിരിച്ച വീരമലക്കുന്നെവിടെ, ഇപ്പോൾ മഴക്കെടുതിയും മണ്ണെടുപ്പും മാത്രം: ആകാശക്കാഴ്‌ച
കാസർകോട്:ചരിത്രത്തില്‍ ഇടം പിടിച്ചതാണ് കാസർകോട് ജില്ലയിലെ ചെറുവത്തൂരിനടുത്തുള്ള വീരമലക്കുന്ന്. ഡച്ചുകാർ നിർമിച്ച ചെറുവത്തൂർ കോട്ടയുടെ അവശിഷ്‌ടങ്ങൾ ഇപ്പോഴും വീരമലക്കുന്നിലുണ്ട്. ടൂറിസം മേഖലയില്‍ കോടിക്കണക്കിന് രൂപയുടെ പദ്ധതി പ്ലാൻ ചെയ്‌ത വീരമലക്കുന്ന് ഇന്ന് അനുദിനം ഇല്ലാതാകുകയാണ്.
ദേശീയപാത വികസനത്തിന് വേണ്ടി വീരമലക്കുന്നിന്‍റെ വശങ്ങൾ ഇടിച്ചു നിരത്തിയിരുന്നു. അതിനൊപ്പം കനത്ത മഴ കൂടി എത്തിയതോടെ വീരമലക്കുന്നിന് സമീപം താമസിക്കുന്നവർ ഭീതിയിലാണ്. ഏത് നിമിഷവും മണ്ണിടിച്ചിലുണ്ടാകാവുന്ന ഭൂപ്രദേശമായി ഇവിടം മാറിയിരിക്കുന്നു. ഒരുകാലത്ത് പൂർണമായും പച്ചവിരിച്ച വീരമലക്കുന്ന് ഇന്ന് മഴക്കെടുതിയുടെ വേദനജനകമായ കാഴ്ചയാണ്.
ഉറവ വറ്റാത്ത ഭൂഗർഭ ജലം ഉണ്ടായിരുന്ന കുന്ന് ഇടിച്ചു നിരത്തുന്നതോടെ സമീപ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം അടക്കം ഉണ്ടാകുമെന്നും അടിവാര ഗ്രാമങ്ങളിലുള്ളവർ ആശങ്കപ്പെടുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങൾ, മണ്ണൊലിപ്പ് എന്നിവയെല്ലാം ഇനി വരാനിരിക്കുന്ന വലിയ അപകടങ്ങളെന്ന ആശങ്കയും ഉയർന്നുവരുന്നുണ്ട്.
മണ്ണിടിച്ചില്‍ രൂക്ഷം: ദേശീയപാത നിർമാണം നടക്കുന്ന വീരമലക്കുന്നില്‍ കഴിഞ്ഞ ദിവസം വൻതോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. മണ്ണിടിച്ചില്‍ തുടർന്നാല്‍ ദേശീയപാതയില്‍ ഗതാഗതം തടസപ്പെടുന്നതിന് സാധ്യതയുണ്ട്.
also read: Kasaragod Rain| കടല്‍ കലിതുള്ളുന്നു; വീരമലകുന്നിലെ മണ്ണിടിച്ചിലില്‍ ജനം ആശങ്കയില്‍