VD Satheesan On Solar Case: മൂന്നാംനാള്‍ പരാതിക്കാരിയുമായി മുഖ്യമന്ത്രി സംസാരിച്ചു, അവസരമൊരുക്കിയത് ദല്ലാള്‍ നന്ദകുമാര്‍ : വിഡി സതീശന്‍ - പിണറായി സർക്കാർ
Published : Sep 11, 2023, 8:31 PM IST
തിരുവനന്തപുരം: കോടതിയിൽ സമർപ്പിച്ച സിബിഐ റിപ്പോർട്ട് (Solar Case CBI Report) ലഭിച്ചിട്ടില്ലെന്ന വിചിത്രമായ വാദമാണ് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (VD Satheesan On Solar Case). 2016 മുതൽ പിണറായി സർക്കാർ ഉമ്മൻ ചാണ്ടിയെ (Oommen chandy) വേട്ടയാടുകയായിരുന്നു. ഉമ്മൻചാണ്ടിക്കെതിരായ സാമ്പത്തിക-ലൈംഗിക ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അത് പണം മേടിച്ച് നടത്തിയ ആരോപണമാണെന്ന കണ്ടെത്തലാണ് സിബിഐ റിപ്പോർട്ടിലുള്ളത്. 2016ൽ അധികാരത്തിൽ വന്ന് മൂന്നാമത്തെ ദിവസം പരാതിക്കാരിയുമായി മുഖ്യമന്ത്രി സംസാരിച്ചു എന്നാണ് റിപ്പോർട്ടിലുള്ളത്. അങ്ങനെ സംസാരിക്കാൻ മുഖ്യമന്ത്രിക്ക് അവസരം കൊടുത്തത് നന്ദകുമാർ ആണ്. അധികാരത്തിൽ വരാൻ സഹായിച്ചയാളെ ഇടനിലക്കാരനാക്കി പരാതിക്കാരിയെ കൊണ്ടുവന്നു. അതിനുശേഷം 50 ലക്ഷം രൂപ കൊടുത്ത് അവർ നേരത്തെ ആർ ബാലകൃഷ്‌ണപിള്ളയുടെ കൈയിൽ ഏല്‍പ്പിച്ചിരുന്ന കത്ത് മേടിച്ചു. പത്ത് കോടി നല്‍കാമെന്നായിരുന്നു നേരത്തെ ജയരാജന്‍ നൽകിയ വാഗ്‌ദാനം. 19 പേജുണ്ടായിരുന്ന ആ കത്ത് പിന്നീട് 25 പേജുകളും 30 പേജുകളുമായെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പത്ത് കോടി നല്‍കാമെന്ന വാഗ്‌ദാനം നേരത്തെ ജയരാജന്‍ നല്‍കിയിരുന്നതാണ്. എഐ ക്യാമറയില്‍ നടന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് പി സി വിഷ്‌ണുനാഥും ഇന്‍കം ടാക്‌സ് ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ ഉത്തരവ് സംബന്ധിച്ച് മാത്യു കുഴല്‍നാടനും കെ ഫോണിനെ കുറിച്ച് റോജി എം ജോണും ഉന്നയിച്ച ആരോപണങ്ങൾക്ക് അവ്യക്തമായ മറുപടികളാണ് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും നൽകിയത്. ഏഴ് മാസമായി ഇത്തരം കാര്യങ്ങളില്‍ മറുപടി പറയാത്ത മുഖ്യമന്ത്രി നിയമസഭയില്‍ അവ്യക്തമായ മറുപടിയെങ്കിലും നല്‍കിയതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും വി ഡി സതീശൻ പരിഹസിച്ചു. നേരത്തെ മാത്യു കുഴല്‍നാടന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ പൊട്ടിത്തെറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ ഇപ്പോൾ ദുര്‍ബലമായ മറുപടിയാണ് നൽകിയത്. മാസപ്പടി വിഷയത്തിൽ യുഡിഎഫ് നിയമപരമായ നടപടി സ്വീകരിക്കും. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച് കിടക്കുകയാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും മറുപടികള്‍. ഇന്‍കം ടാക്‌സ് ഇന്‍ററിം ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. അത് സത്യമാണെങ്കില്‍ എത്ര മോശം ഓഫിസാണ് മുഖ്യമന്ത്രിയുടേതെന്നും സതീശൻ ചോദിച്ചു. ഏഴ് വര്‍ഷമാണ് ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത്. അദ്ദേഹം നീതിമാനായിരുന്നെന്ന് ഭരണപക്ഷത്തെ കൊണ്ട് പറയിക്കാന്‍ സാധിച്ചു. വിജയനും സതീശനും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. നന്ദകുമാര്‍ വന്നാലും നിങ്ങള്‍ വന്നാലും ഞാന്‍ ഇരിക്കാന്‍ പറയും. കടക്ക് പുറത്തെന്ന് ആരോടും പറയില്ല. പിണറായി വിജയനും വി ഡി സതീശനും തമ്മില്‍ ഒരു താരതമ്യവുമില്ല. സ്വഭാവം കൊണ്ടും രീതി കൊണ്ടും രണ്ട് ധ്രുവങ്ങളിലുള്ളവരാണ്. മതില് മറിച്ചിടുന്നത് പോലുള്ള പിണറായി വിജയന്‍റെ വര്‍ത്തമാനമായി മാത്രം അതിനെ കരുതിയാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.