യൂത്ത് കോൺഗ്രസുകാരെ തല്ലിയവരുടെ ലിസ്‌റ്റുണ്ട്; എണ്ണി എണ്ണി തിരിച്ചടിക്കുമെന്ന് വി ഡി സതീശൻ
Published : Dec 20, 2023, 4:06 PM IST
|Updated : Dec 20, 2023, 5:02 PM IST
തിരുവനന്തപുരം:അടിച്ചാല്‍ തിരിച്ചടിക്കരുതെന്ന നിലപാട് തിരുത്തുകയാണെന്നും, ഇനി അടിച്ചാൽ തിരിച്ചടിക്കുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിയവര്‍ക്കെതിരെ ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ എണ്ണിയെണ്ണി തിരിച്ചടിക്കുമെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. നവകേരള സദസ് യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തല്ലിയവരുടെ പേരും മേൽവിലാസവും കയ്യിൽ ഉണ്ട്. പ്രവർത്തകരെ സംരക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ സ്ഥാനം വലിച്ചെറിഞ്ഞ് സന്യാസത്തിന് പോകും. ഒരു കടലാസ് പോലും വലിച്ചെറിയരുതേ എന്നായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ഞങ്ങൾ വാക്ക് മാറ്റി. അടിച്ചാൽ തിരിച്ച് അടിക്കും. എണ്ണി എണ്ണി അടിക്കും. ക്രിമിനലുകളായ ഗൺമാൻമാരെ പുറത്താക്കണം. കല്യാശേരിയിൽ നിന്ന് തന്നെ തുടങ്ങും. ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞപ്പോൾ ന്യായീകരിച്ച പാർട്ടി സെക്രട്ടറിയാണ് ഇന്നത്തെ മുഖ്യമന്ത്രി. ക്രിമിനൽ മനസുള്ള മുഖ്യമന്ത്രി ആണ് സിംഹാസനത്തിൽ ഇരിക്കുന്നത്. മുഖ്യമന്ത്രിക്ക് സാഡിസ്‌റ്റ് മനസാണ്. വഴിയിൽ നിന്ന് കരിങ്കൊടി കാണിക്കുന്നവരെ തല്ലാൻ എന്താണ് അധികാരം? എല്ലാത്തിനും പരിധിയുണ്ട്. യൂത്ത് കോൺഗ്രസുകാർ തിരിച്ചടിക്കുമെന്നും കോൺഗ്രസ് കൂടെ ഉണ്ടാകുമെന്നും സതീശന്‍ വ്യക്‌തമാക്കി. കമ്യൂണിസത്തെ ആറടി മണ്ണിൽ കുഴിച്ചു മൂടുന്ന യാത്രയാണിത്. ഈ സിംഹാസനത്തിൽ നിന്ന് പിണറായിയെ ഇറക്കി വിടുന്നത് വരെ പോരാട്ടം തുടരുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.