ബ്രഹ്മപുരത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് - toxic gas
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീ അണഞ്ഞാലും കരാറിനു പിന്നിലെ അഴിമതിയുടെ തീ അണയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രദേശത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം. ഒരു പ്രശ്‌നവും ഇല്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് പ്രഭാത സവാരിക്കിറങ്ങിയ ഹൈക്കോടതി ജഡ്‌ജി വിഷപ്പുക ശ്വസിച്ച് ബോധരഹിതനായത്.
ഇവിടെ അഗ്നിരക്ഷ ദുരന്ത നിവാരണ അതോറിറ്റികൾ ദയനീയമായി പരാജയപ്പെട്ടു. പെട്രോൾ ഒഴിച്ച് മനഃപൂർവം തീ കൊളുത്തിയ സംഭവമാണിത്. തീ നിയന്ത്രണ വിധേയമാക്കാൻ കഴിയാവുന സാങ്കേതിക സംവിധാനങ്ങൾ മുഴുവൻ ഉപയോഗിക്കണം.
വേണ്ടിവന്നാൽ കേന്ദ്ര സഹായം തേടണം. മാലിന്യം കത്തിക്കയറിയിട്ടും സർക്കാർ നിഷ്‌ക്രിയരാണ്. ദേശീയ തലത്തിൽ വാർത്തയായ ഈ സംഭവം കേരളത്തിന് അപമാനകരമാണെന്നും വി ഡി സതീശൻ പറഞ്ഞു. അതിനിടെ കൊച്ചിയിൽ മുഖ്യമന്ത്രിയെ കരിം കൊടി കാണിച്ച യുത്ത് കോൺഗ്രസ് വനിത നേതാവിനെതിരായ ഇ പി ജയരാജൻ്റെ പ്രസ്‌താവന തികച്ചും സ്ത്രീ വിരുദ്ധമാണെന്നും സതീശൻ കൂട്ടിച്ചേർത്തു. പെൺകുട്ടികൾ പാൻ്റും ഷർട്ടും ഇടാനോ മുടി ക്രോപ്പ് ചെയ്യാനോ പാടില്ലെന്നുണ്ടോ? എന്നിട്ടും ജയരാജൻ്റെ പ്രസ്‌താവനയ്‌ക്കെതിരെ ഒരു വനിത സംഘടനയും പ്രതികരിച്ചു കണ്ടില്ലെന്നും സതീശൻ പരിഹസിച്ചു.