'കൂടുതല്‍ സര്‍വീസുകള്‍ ഇനിയും വരട്ടെ' : വന്ദേ ഭാരത് ആദ്യ യാത്രയുടെ ഭാഗമായ പ്രമുഖര്‍ ഇടിവി ഭാരതിനോട് - പാളയം ഇമാം
തിരുവനന്തപുരം:തിരുവനന്തപുരത്ത് നിന്നും കാസർകോട്ടേയ്ക്ക് ആരംഭിച്ച ആദ്യ വന്ദേ ഭാരത് എക്‌സ്‌പ്രസ് സർവീസിൽ യാത്ര ചെയ്‌ത് സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ. പാളയം ഇമാം വി പി സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി ഗുരു രത്നംഞ്ജന തപസ്വി ചലച്ചിത്ര താരം വിവേക് ഗോപൻ, മുൻ കായികതാരം പത്മിനി തോമസ് എന്നിവർ ഇടിവി ഭാരതുമായി സംസാരിച്ചു. ഇത്തരത്തിൽ കൂടുതൽ സർവീസുകൾ വരണമെന്നാണ് ഇവരുടെ അഭിപ്രായം. യാത്രക്കാർക്ക് വന്ദേഭാരതിൽ നൽകുന്ന സർവീസിൽ പൂർണ തൃപ്‌തിയാണ് ഇവർ അറിയിച്ചത്.
വന്ദേഭാരതിന്‍റെ തുടക്കയാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പാളയം ഇമാം പ്രതികരിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂടിയാലോചിച്ച് ഇത്തരത്തിലുള്ള കൂടുതല്‍ സര്‍വീസുകള്‍ ഇനിയും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരതിന്‍റെ ആദ്യ സര്‍വീസില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമാണ് തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടേക്ക് യാത്ര ചെയ്യുന്നത്.
ഇന്ന് കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ചാലക്കുടി, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍കോട് എന്നീ പ്രധാന സ്റ്റേഷനുകളിലെല്ലാം രണ്ട് മിനിറ്റ് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. നാളെ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് തിരിക്കും. ഈ മാസം 28നാണ് പതിവ് സര്‍വീസുകള്‍ ആരംഭിക്കുന്നത്.