വന്ദേഭാരത് എക്‌സ്‌പ്രസിന് നേരെ വീണ്ടും കല്ലേറ്, ചില്ല് തകർന്നു ; ആക്രമണം മുക്കാളിയില്‍
കണ്ണൂർ : മൂന്ന് ദിവസത്തിനിടെ നാലാം തവണയും വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്. ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്തേയ്‌ക്കുള്ള യാത്രയ്‌ക്കിടെ കോഴിക്കോട് വടകരയ്ക്കടുത്ത് മുക്കാളിയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ തീവണ്ടിയുടെ ചില്ല് തകര്‍ന്നു. ഇതേത്തുടര്‍ന്ന് ആര്‍പിഎഫും റെയില്‍വേ ഉദ്യോഗസ്ഥരും ചേര്‍ന്ന് ട്രെയിനില്‍ പരിശോധന നടത്തി. കണ്ണൂര്‍ വളപട്ടണത്തുവച്ചാണ് നേരത്തേ വന്ദേ ഭാരതിന് നേരെ കല്ലേറുണ്ടായത്. വന്ദേ ഭാരതിന്‍റെ ജനല്‍ ചില്ലിന് താഴെയായിരുന്നു കഴിഞ്ഞ തവണ കല്ല് വന്നുപതിച്ചത്. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസിനിടെ വൈകുന്നേരത്തോടെയാണ് കഴിഞ്ഞ തവണയും കല്ലേറുണ്ടായത്. വന്ദേഭാരത് എക്‌സ്‌പ്രസിന് നേരെയുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മലപ്പുറത്തുവച്ച് തിരൂരിനും ഷൊര്‍ണൂരിനുമിടയിലും ഇത്തരത്തില്‍ ആക്രമണമുണ്ടായിരുന്നു. അന്ന് ട്രെയിനിന്‍റെ ജനല്‍ ചില്ലില്‍ വിള്ളലുണ്ടായി. ഈ ഭാഗം ഇന്‍സുലേഷന്‍ ടേപ്പുകൊണ്ട് ഒട്ടിച്ചശേഷമായിരുന്നു അന്ന് യാത്ര തുടര്‍ന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുമ്പോഴാണ് തുടരെ കല്ലേറുണ്ടാവുന്നത്. കേന്ദ്ര ബജറ്റിന്‍റെ ഭാഗമായി കഴിഞ്ഞ ഏപ്രിൽ 25നാണ് വന്ദേ ഭാരത് പ്രധാന മന്ത്രി കേരളത്തിന് സമർപ്പിച്ചത്. അതേസമയം ഒഡിഷയിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വന്ദേ ഭാരത് യാത്രയ്‌ക്ക് അവസരമൊരുക്കി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്. 50 വിദ്യാര്‍ഥികള്‍ക്കാണ് അവസരം.