180 ഡിഗ്രിയില്‍ തിരിയുന്ന സീറ്റുകള്‍, വണ്‍ ടച്ച് അലാറം, ഫസ്റ്റ് എയ്‌ഡ് ബോക്‌സ് ; വേഗത മാത്രമല്ല, വന്ദേ ഭാരതിന് പ്രത്യേകതകള്‍ ഏറെ
തിരുവനന്തപുരം:അത്യാധുനിക യാത്ര സൗകര്യമാണ് വന്ദേ ഭാരതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. പൂർണമായും ശീതീകരിച്ച 16 ബോഗികളാണ് വന്ദേ ഭാരതിനുള്ളത്. വേഗതയ്‌ക്കൊപ്പം യാത്രക്കാർക്ക് മികച്ച യാത്ര അനുഭവവും നൽകുന്നതാണ് വന്ദേ ഭാരത് ട്രെയിനുകൾ.
ചെയര്‍കാറും എക്‌സിക്യൂട്ടീവ് ബോഗിയുമാണ് വന്ദേ ഭാരതിലുള്ളത്. എക്‌സിക്യൂട്ടീവ് കോച്ചിലെ സീറ്റുകള്‍ 180 ഡിഗ്രിയിൽ തിരിക്കാൻ കഴിയും. സിസിടിവി സുരക്ഷ, ഫസ്റ്റ് എയ്‌ഡ് ബോക്‌സ്, ഓട്ടോമാറ്റിക് ഡോറുകൾ എന്നിവയും വന്ദേ ഭാരതിന്‍റെ പ്രത്യേകതകളാണ്.
വൺ ടച്ച് അലാറം, അത്യാധുനിക സൗകര്യത്തോടെയുള്ള ശുചിമുറികള്‍ എന്നിവയാണ് ട്രെയിനിൽ ഒരുക്കിയിരിക്കുന്നത്. കുഞ്ഞുങ്ങളുടെ ഡയപ്പർ ചേഞ്ച് ചെയ്യുന്നതിന് പോലും സംവിധാനം ട്രെയിനിലുണ്ട്. ട്രെയിനിന്‍റെ യാത്ര വിവരങ്ങൾ എല്ലാം തന്നെ ഡിജിറ്റൽ സ്ക്രീനില്‍ എല്ലാ ബോഗിയിലും പ്രദർശിപ്പിക്കും. സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 10.30 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് ഫ്ലാഗ് ഓഫ് ചടങ്ങ്.
28 മുതലാകും പതിവ് സർവീസ്. രാവിലെ 5.20ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും വന്ദേ ഭാരത് പുറപ്പെടും. കൊല്ലമാണ് ട്രെയിനിന്‍റെ ആദ്യ സ്റ്റോപ്പ്. കൊല്ലത്തേക്ക് 6.07ന് ട്രയിന്‍ എത്തും. 7.25ന് കോട്ടയം, 8.17ന് എറണാകുളം ടൗണ്‍, 9.22 ന് തൃശൂര്‍, 10.02ന് ഷൊര്‍ണൂര്‍, 11.03ന് കോഴിക്കോട്, 12.03ന് കണ്ണൂര്‍, 1.25ന് കാസര്‍കോട് എന്നിങ്ങനെയാണ് സമയക്രമം. ഉച്ചയ്ക്ക് 2.30ന് ട്രെയിനിന്‍റെ മടക്കയാത്ര ആരംഭിക്കും. രാത്രി 10.35ന് തിരികെയുള്ള സര്‍വീസ് തിരുവനന്തപുരത്തെത്തും. എട്ട് മണിക്കൂർ അഞ്ച് മിനിറ്റാണ് കാസർകോട് എത്താനുള്ള സമയം.