Vande Bharat Runs Late അങ്കമാലി റെയിൽവെ അടിപ്പാത നിർമ്മാണം, വന്ദേ ഭാരത് വൈകി ഓടുന്നു - വന്ദേ ഭാരത് ഇന്ന് വൈകിയോടും
Published : Oct 17, 2023, 4:05 PM IST
കാസർകോട്: തിരുവനന്തപുരം സെൻട്രലിൽ നിന്നും കാസർകോട് വരെയുള്ള വന്ദേ ഭാരത് ട്രെയിൻ ഒന്നര മണിക്കൂർ വൈകി ഓടുന്നു (Vande Bharat Runs Late). ഇതോടെ ഇന്ന് (17.10.2023) ഉച്ചയ്ക്ക് 2.30 ന് കാസർകോട് നിന്ന് പുറപ്പെടേണ്ടിയിരുന്ന 20633 കാസർകോട്- തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിൻ പുറപ്പെടാൻ വൈകുമെന്ന് റെയിൽവെ അറിയിച്ചു. വൈകിട്ട് 4:15നാണ് സർവീസ് ആരംഭിക്കുക. തിരുവനന്തപുരത്ത് നിന്നും രാവിലെ 5.21 നാണ് ട്രെയിൻ പുറപ്പെട്ടത്. എറണാകുളത്ത് കൃത്യ സമയത്ത് എത്തിയെങ്കിലും അങ്കമാലി– കറുകുറ്റി ഭാഗത്ത് ലൈൻ ബ്ലോക്ക് ചെയ്‌തുള്ള റെയിൽവെ ജോലികൾ കാരണം വന്ദേ ഭാരത് വൈകുകയായിരുന്നു. ആദ്യമായാണ് വന്ദേ ഭാരത് ഇത്രയും സമയം വൈകി ഓടുന്നത്. അങ്കമാലി അങ്ങാടിക്കടവ് റെയിൽവെ അടിപ്പാതയുടെ നിർമാണ ജോലികളുമായി ബന്ധപ്പെട്ട് തൃശൂർ ഭാഗത്തേക്കുള്ള ലൈനിലാണ് ഗതാഗതം തടഞ്ഞത്. വിവിധ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയുള്ള റെയിൽവെ അറിയിപ്പ് നേരത്തേ ഉണ്ടായിരുന്നുവെങ്കിലും അതിലും കൂടുതൽ സർവീസുകളെ ബാധിച്ചു. ഇത് യാത്രക്കാരെ ദുരിതത്തിലാക്കി. ഈ പാതയിലൂടെ കടന്നുവന്ന പല ട്രെയിനുകളും അങ്കമാലിയിലും ആലുവയിലുമായി പിടിച്ചിട്ടിരിക്കുകയാണ്. പല ട്രെയിനുകളും വൈകി ഓടുകയാണ്.