'അനുവദനീയമായ പരമാവധി വേഗത്തിൽ തന്നെ വന്ദേ ഭാരത് കുതിക്കും' ; ലോക്കോ പൈലറ്റ് ഇടിവി ഭാരതിനോട്
തിരുവനന്തപുരം : കേരളത്തിലെ ട്രാക്കുകളിൽ അനുവദനീയമായ പരമാവധി വേഗത്തിൽ തന്നെ വന്ദേ ഭാരത് കുതിക്കുമെന്ന് ലോക്കോ പൈലറ്റ് പ്രവീൺ കുമാർ. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കി പരമാവധി വേഗത്തിൽ സഞ്ചരിക്കാനാണ് ശ്രമം. പൂർണമായും തദ്ദേശീയമായി നിർമ്മിച്ച വന്ദേ ഭാരത് ട്രെയിനുകൾ മറ്റുള്ളവയേക്കാള്‍ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുമെന്നും ലോക്കോ പൈലറ്റ് വ്യക്തമാക്കി.
യാത്രക്കാർക്ക് ലോക്കോ പൈലറ്റുമായി അത്യാവശ്യഘട്ടത്തിൽ സംസാരിക്കുന്നതിനുള്ള സംവിധാനം വന്ദേ ഭാരത് ട്രെയിനിലുണ്ട്. ലോക്കോ പൈലറ്റിന് ക്യാബിനിലിരുന്ന് സിസിടിവിയിലൂടെ എല്ലാ ബോഗികളും നിരീക്ഷിക്കാൻ കഴിയും. യാത്രക്കാർക്ക് സുരക്ഷയും മികച്ച സൗകര്യങ്ങളും നൽകുന്നതാകും സർവീസ് എന്നും പ്രവീണ്‍കുമാര്‍ വ്യക്തമാക്കി.
വേഗതയ്‌ക്കൊപ്പം മികച്ച യാത്രാനുഭവവും നൽകുന്നതാണ് വന്ദേ ഭാരത് ട്രെയിൻ. അത്യാധുനിക സൗകര്യങ്ങളാണ് ട്രെയിനിനുള്ളിൽ ഒരുക്കിയിരിക്കുന്നത്. ട്രെയിനിന്‍റെ യാത്രയുടെ മുഴുവൻ വിവരങ്ങളും എല്ലാ ബോഗിയിലെയും ഡിജിറ്റൽ സ്ക്രീനിൽ പ്രദർശിപ്പിക്കും. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് വന്ദേ ഭാരതിന് സ്റ്റോപ്പ് ഉള്ളത്.