ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി വന്ദേഭാരത്; അവസാനഘട്ട പരീക്ഷണം കണ്ണൂരില്‍, സ്വീകരണമൊരുക്കി ബിജെപി പ്രവര്‍ത്തകര്‍
കണ്ണൂർ: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്‍റെ ട്രയൽ റൺ പൂർത്തിയായി. ഉച്ചയ്‌ക്ക് 12.20ഓടെയാണ് കണ്ണൂർ റെയിൽവെ സ്‌റ്റേഷനിൽ ഒന്നാം പ്ലാറ്റ്‌ഫോമിൽ വന്ദേഭാരത് ട്രെയിൻ എത്തിയത്. രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ 12.20ന് കണ്ണൂർ എത്തി.
തിരുവനന്തപുരം മുതൽ കൊല്ലം വരെയുള്ള ആദ്യ റീച്ചിൽ 90 കിലോമീറ്റർ വരെയായിരുന്നു വേഗം. 50 മിനിട്ട് കൊണ്ട് കൊല്ലത്ത് എത്തിയ ട്രെയിൻ കോട്ടയത്ത് എത്താൻ രണ്ട് മണിക്കൂർ 16 മിനിറ്റ് എടുത്തു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് വന്ദേഭാരത് ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തിയത്.
തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.10 ഓടെയാണ് ട്രെയിൻ പുറപ്പെട്ടത്. തിരുവനന്തപുരം അടക്കം എട്ട് സ്‌റ്റേഷനുകളിലാണ് വന്ദേഭാരതിന് സ്‌റ്റോപ്പുകളുള്ളത്. എറണാകുളം നോർത്ത് സ്റ്റേഷനിൽ നിന്ന് തൃശൂർ എത്താൻ വേണ്ടി വന്നത് കൃത്യം ഒരു മണിക്കൂറായിരുന്നു.
അടുത്ത സ്‌റ്റോപ്പായ തിരൂരിലേക്ക് എത്താനെടുത്ത് ഒരു മണിക്കൂർ അഞ്ച് മിനിറ്റ്. തിരൂരിൽ നിന്ന് അരമണിക്കൂർ കൊണ്ട് കോഴിക്കോട് എത്തി. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് എത്താനെടുത്തത് മൊത്തം ആറ് മണിക്കൂർ ആറ് മിനിറ്റായിരുന്നു.
ലോക്കോ പൈലറ്റ് എം ഐ കുര്യാക്കോസിന്‍റെ നേതൃത്വത്തിൽ ഏഴ് മണിക്കൂർ പത്ത് മിനിറ്റ് കൊണ്ട് കണ്ണൂരിൽ എത്തിയപ്പോൾ വലിയ സ്വീകരണമാണ് കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ ബിജെപി പ്രവർത്തകർ നൽകിയത്. ജീവിതത്തിൽ ഇത് പോലുള്ള സ്വീകരണം ആദ്യമാണെന്ന് ലോക്കോപൈലേറ്റ് പറഞ്ഞു. ഓരോ സ്‌റ്റേഷനുകളിലും മൂന്ന് മിനിറ്റ് അനുവദിച്ചാണ് ട്രയൽ റൺ പൂർത്തിയാക്കിയത്. ഇനിയും സമയം ചുരുക്കാൻ പറ്റുമെന്നും എം ഐ കുര്യാക്കോസ് വ്യക്തമാക്കി.
ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്തേയ്‌ക്ക് വണ്ടി തിരിക്കും. ട്രെയിനിന്‍റെ വേഗത അടക്കമുള്ള കാര്യങ്ങളിൽ ട്രയൽ റണ്ണിന് ശേഷമാണ് കൃത്യത ഉണ്ടാവുക. ഈ മാസം 25ന് പ്രധാനമന്ത്രി വന്ദേഭാരത് എക്‌സ്‌പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും.