'വന്ദേഭാരതും ആര്‍മി ഹെലികോപ്‌റ്ററും'; ഹൈറേഞ്ചിലെ വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമൊരുക്കി കല്ലാര്‍ ഗവണ്‍മെന്‍റ് സ്‌കൂള്‍ - ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത
ഇടുക്കി: ഹൈറേഞ്ചിലെ കുട്ടികൾക്കായി വന്ദേഭാരത് അനുഭവമൊരുക്കി ശ്രദ്ധ നേടിയിരിക്കുകയാണ് പൊതു വിദ്യാലയം. നെടുങ്കണ്ടം കല്ലാർ ഗവൺമെന്‍റ് എൽ പി സ്‌കൂളിലാണ്, മോഡൽ പ്രൈമറി സ്‌കൂളായി ഉയർത്തുന്നതിന്‍റെ ഭാഗമായി വന്ദേ ഭാരത് ട്രെയിനിന്‍റെ മിനിയേച്ചർ നിർമിച്ചിട്ടുള്ളത്. ഇതിനോടൊപ്പം, പ്രളയ രക്ഷാപ്രവർത്തനത്തിന്‍റെ സ്‌മാരകമായി ആർമി ഹെലികോപ്റ്ററും തീർത്തിട്ടുണ്ട്.
വന്ദേ ഭാരതിന് സ്‌റ്റോപ്പ് അനുവദിക്കുന്നതിലടക്കം വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വന്ദേ ഭാരത് ട്രെയിനിന് നെടുങ്കണ്ടം കല്ലാറിൽ സ്ഥിരം സ്‌റ്റോപ്പ് ഒരുക്കി ഒരു പൊതു വിദ്യാലയം രംഗത്ത് വരുന്നത്. രാമക്കൽമേട് സ്വദേശി പ്രിൻസ് ഭുവനചന്ദ്രൻ രണ്ട് മാസത്തോളം സമയമെടുത്താണ് വന്ദേ ഭാരത് ട്രെയിനും, പ്രളയ രക്ഷാപ്രവർത്തനത്തിന്‍റെ സ്‌മാരകമായി ആർമി ഹെലികോപ്റ്ററും നിർമിച്ചത്. കുട്ടികൾക്ക് ഹെലികോപ്റ്ററിനുള്ളിലൊക്കെ കയറി ഇറങ്ങാവുന്ന രീതിയിലാണ് നിർമിതി.
മോഡൽ പ്രൈമറി സ്‌കൂളായി ഉയർത്തുന്ന കല്ലാർ ഗവ എൽ പി സ്‌കൂളിൽ 13 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. കളിയിടങ്ങൾ ഉൾപെടെ ഈ അധ്യയന വർഷം സ്‌കൂളിലേക്ക് എത്തുന്ന കുട്ടികൾക്ക് നവ്യ അനുഭവം സമ്മാനിക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. സ്‌കൂൾ തുറക്കുന്നതിന് മുമ്പേ വന്ദേഭാരത് ട്രെയിനിൽ കയറുവാൻ കുട്ടികൾ എത്തിത്തുടങ്ങി.