വന്ദന കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചു; കൂസലില്ലാതെ കൃത്യം വിവരിച്ച് സന്ദീപ്
കൊല്ലം:വന്ദന കൊലക്കേസ് പ്രതി സന്ദീപിനെ ഇന്ന് പുലർച്ചയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഡോക്‌ടര്‍ വന്ദനയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് കൃത്യമായി സന്ദീപ് ക്രൈംബ്രാഞ്ച് സംഘത്തോട് വിശദീകരിച്ചു. പ്രതിഷേധമുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ് സമയം പുലർച്ചെ ആക്കിയത്.
നേരത്തെ പ്രതിയുടെ വീട്ടിലും സുഹൃത്തിൻ്റെ വീട്ടിലും സന്ദീപിനെ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. ആശുപത്രിയിൽ എത്തിച്ചതുമുതലുള്ള കാര്യങ്ങൾ ഒരു കൂസലുമില്ലാതെ സന്ദീപ് വിശദീകരിച്ചു. ശേഷം, കത്രിക എടുത്ത് ഡോക്‌ടറെ കുത്തിയത് എങ്ങനെയെന്നും പ്രതി കാണിച്ചുകൊടുത്തു. ഇതിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച വഴിയെക്കുറിച്ചും പറഞ്ഞുകൊടുത്തു. പ്രതിയെ എത്തിച്ച സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌ടർമാരോട് സഹകരിക്കണമെന്ന് ക്രൈം ബ്രാഞ്ച് സംഘം അഭ്യർഥിച്ചിരുന്നു.
കസ്റ്റഡി കാലാവധി നാളെ അവസാനിക്കും:പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെങ്കിൽ ആശുപത്രിയിലെ തെളിവെടുപ്പ് നിർണായകമാണെന്നും അവർ ഡോക്‌ടർമാരെ ബോധ്യപ്പെടുത്തി. ഇക്കാരണത്താൽ തന്നെ താലൂക്ക് ആശുപത്രിയിലെ ഡോക്‌ടര്‍മാരും ജീവനക്കാരും തെളിവെടുപ്പ് സമയം പൂർണമായും സഹകരിച്ചു. പുലർച്ചെ അഞ്ച് മണി വരെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം അന്വേഷണ സംഘം പ്രതിയെ ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യൽ ഇന്നും തുടരും. നാളെ ഉച്ചയ്ക്ക് കസ്റ്റഡി കാലാവധി അവസാനിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് മുന്നേ പ്രതിയെ ഹാജരാക്കണം എന്നാണ് കോടതി നിർദേശം.