Valparai Drowning തൃശൂർ വാൽപ്പാറയിൽ ഒഴുക്കിൽപ്പെട്ട് അഞ്ചു യുവാക്കൾ മരണപ്പെട്ടു - അപകടം കുളിക്കാനിറങ്ങിയപ്പോള്‍
Published : Oct 20, 2023, 7:57 PM IST
|Updated : Oct 20, 2023, 8:09 PM IST
തൃശൂർ: വാൽപ്പാറയിൽ അഞ്ചു യുവാക്കൾ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു (Valparai Drowning). കോയമ്പത്തൂർ ഉക്കടം സ്വദേശികളായ അജയ്, റാഫേൽ, ശരത്, വിനീത്, ധനുഷ് എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.30 ഓടെ ഷോളയാർ എസ്റ്റേറ്റിലെ പുഴയിൽ കുളിക്കാനിറങ്ങിയ ഇവർ അപകടത്തിൽപ്പെടുകയായിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ഓഗസ്റ്റ് ആറിന് വൈക്കം വെള്ളൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചിരുന്നു. വയോധികനും രണ്ട് വിദ്യാർഥികളുമാണ് മരിച്ചത്. മൂവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേരാണ് അപകടത്തിൽ പെട്ടത്. ജോൺസൺ (56), അലോഷി (16), ജിസ്മോൾ (15) എന്നിവരാണ് മരിച്ചത്. ചെറുകര പാലത്തിന് സമീപം കുളിക്കാൻ ഇറങ്ങിയ ഒമ്പത് പേരിൽ മൂന്ന് പേർ ഒഴുക്കിൽ പെടുകയായിരുന്നു. മുപ്പത് അടിയോളം ആഴമുള്ള ഈ ഭാഗത്ത് മൂന്ന് പേർ ഒഴുക്കിൽ പെട്ടതോടെ കൂടെയുള്ളവർക്ക് രക്ഷിക്കാൻ കഴിയാതെ വരികയായിരുന്നു. വിദേശത്ത് നിന്നും നാട്ടിൽ എത്തിയവർ ഉൾപ്പടെ ഒമ്പത് അംഗ സംഘം ബന്ധു വീട്ടിൽ അവധി ആഘോഷിക്കാനെത്തിയ വേളയിലാണ് അപകടത്തിൽപെട്ടത്. സാധാരണ മൂവാറ്റുപുഴയാറിന്‍റെ ഈ ഭാഗത്ത് ആഴമേറിയതിനാൽ നാട്ടുകാർ കുളിക്കാൻ ഇറങ്ങാറില്ലായിരുന്നു. എന്നാൽ ഈ പ്രദേശത്തെക്കുറിച്ച് ധാരണയില്ലാത്തവരാണ് കുളിക്കാൻ ഇറങ്ങി അപകടത്തിൽ പെട്ടത്. അരയൻ കാവ് സ്വദേശികളാണ് മരണമടഞ്ഞവർ.