V Sivankutty On Khader Committee Report വ്യാജപ്രചരണങ്ങൾ ഒഴിവാക്കണം, ഖാദർ കമ്മറ്റി റിപ്പോർട്ട് മൂലം ജോലി നഷ്‌ടമുണ്ടാകില്ല; വി ശിവൻകുട്ടി - kerala news
Published : Oct 14, 2023, 5:29 PM IST
തിരുവനന്തപുരം:ഖാദർ കമ്മറ്റി റിപ്പോർട്ട് മൂലം ആർക്കും ജോലി നഷ്‌ടം ഉണ്ടാകില്ലെന്നും വ്യാജപ്രചരണങ്ങൾ ഒഴിവാക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഖാദർ കമ്മറ്റി ഒന്നും രണ്ടും ഭാഗം റിപ്പോർട്ടുകൾ സമർപ്പിച്ചു കഴിഞ്ഞു. ഈ റിപ്പോർട്ട് മൂലം ചില മാധ്യമങ്ങൾ പറയുന്നതു പോലെ അതിൽ ഒന്നാം ഭാഗം നടപ്പാക്കുന്നത് സംബന്ധിച്ച റിപ്പോർട്ടും സ്‌പെഷ്യൽ റൂളും സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇത് ഭരണപരമായ നടപടി ക്രമങ്ങളിലൂടെ കടന്നുപോകേണ്ട കാര്യമാണന്നും മന്ത്രി വ്യക്തമാക്കി. ഖാദർ കമ്മറ്റി റിപ്പോർട്ട് രഹസ്യ രേഖയല്ല, പരസ്യപ്പെടുത്തും. പരസ്യപ്പെടുത്തുന്നത് വൈകിയത് സംബന്ധിച്ച് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കിഫ്‌ബി സഹായത്തോടെ 2600 കോടി രൂപ ചെലവിൽ 993 സർക്കാർ സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യം വികസിപ്പിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മേഖല അവലോകന യോഗത്തിന് പിന്നാലെ വിദ്യാഭ്യാസ ഓഫിസർമാരും എംഎൽഎമാരെയും വിളിച്ചുചേർത്ത് സ്‌കൂളുകളുടെ പണി പൂർത്തിയാക്കാനായി കലണ്ടർ രൂപീകരിച്ചുവെന്നും മന്ത്രി അറിയിച്ചു. പാഠ്യ പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നില്ലെന്ന വാദം തെറ്റാണ്. ചരിത്രത്തിലാദ്യമായി വിദ്യാർത്ഥികളോടക്കം ചർച്ച ചെയ്‌തിരുന്നു. പുസ്‌തകങ്ങളിലേക്ക് ചിത്രം വരച്ചത് വിദ്യാർത്ഥികളാണ്. 1, 3, 5, 7, 9 ക്ലാസുകളിലേക്ക് അടുത്ത അധ്യയന വർഷം തന്നെ പുസ്‌തകങ്ങൾ എത്തും. ഇനിയും നിർദേശങ്ങൾ അറിയിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.