V Sivankutty| കാസര്‍കോട് സ്‌കൂളില്‍ മരം വീണ് വിദ്യാർഥി മരിച്ച സംഭവം; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകുമെന്ന് വി ശിവൻകുട്ടി - മരം വീണ് കുട്ടി മരിച്ചു
കോട്ടയം : കാസർകോട് പുത്തിഗെയിൽ മരം വീണ് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. മരണപ്പെട്ട കുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നുവെന്നും സാധ്യമായ എല്ലാ സഹായങ്ങളും കുടുംബത്തിനായി സർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കാസർകോട് സ്‌കൂളിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റിയിരുന്നുവെന്നും എന്നാൽ ഇന്നലെ കടപുഴകിയ മരം അപകടാവസ്ഥയിലുള്ള മരങ്ങളുടെ കൂട്ടത്തിൽ ഇല്ലായിരുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
അവധി പ്രഖ്യാപിക്കാൻ കലക്‌ടർമാർക്ക് ചുമതല :മഴയുണ്ടെങ്കിൽ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കണം. രാവിലെ അവധി പ്രഖ്യാപിച്ചാൽ കുട്ടികൾക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മഴക്കാലമായതിനാൽ എല്ലാ സ്‌കൂളുകളിലും ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടി കൂട്ടിച്ചേർത്തു.
മലപ്പുറം പ്ലസ് വൺ സീറ്റ് വിഷയത്തിലും പ്രതികരണം : മലപ്പുറം പ്ലസ് വൺ സീറ്റ് പ്രശ്‌നം പരിഹരിക്കുമെന്നും വിഷയം രാഷ്‌ട്രീയവത്കരിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. സമരം ചെയ്യുന്നവരുടെ സഹായ സഹകരണങ്ങൾ അഭ്യർഥിക്കുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കോട്ടയം കാരാപ്പുഴ എച്ച് എസ് എസിലെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.
Also read :കാസർകോട് സ്‌കൂള്‍ വളപ്പിലെ മരം കടപുഴകി വീണ് 11കാരിക്ക് ദാരുണാന്ത്യം