ലത്തീന്‍ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ സന്ദർശിച്ച് വി മുരളീധരൻ ; സന്ദർശനം ഈസ്‌റ്റർ പ്രമാണിച്ചെന്ന് കേന്ദ്രമന്ത്രി
തിരുവനന്തപുരം: ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ തോമസ് ജെ നെറ്റോയെ ബിഷപ്പ് ഹൗസിലെത്തി സന്ദര്‍ശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഈസ്റ്റർ ദിനത്തിലെ സ്വാഭാവികമായ സന്ദർശനം മാത്രമാണെന്നും ഈസ്റ്ററിൽ എന്ത് രാഷ്ട്രീയമെന്നും സന്ദർശനത്തിന് ശേഷം കേന്ദ്ര മന്ത്രി പ്രതികരിച്ചു.
ബിജെപി തിരുവനന്തപുരം ജില്ല പ്രസിഡന്‍റ് വി വി രാജേഷ് മുരളീധരനൊപ്പം ഉണ്ടായിരുന്നു. മുരളീധരനെ പൊന്നാടയണിയിച്ചാണ് ആർച്ച് ബിഷപ്പ് സ്വീകരിച്ചത്. അതേസമയം മുരളീധരൻ ഡോ തോമസ് ജെ നെറ്റോയ്ക്ക് ആശംസ കാർഡുകളും കൈമാറി.
ക്രൈസ്‌തവ വിശ്വാസിയായ അനിലിന്‍റെ ബിജെപി പ്രവേശനം പ്രതിപക്ഷത്തിനുള്ള മറുപടി:ക്രൈസ്‌തവ വിശ്വാസിയായ അനിൽ ആൻ്റണിയുടെ ബിജെപി പ്രവേശനം ഹിന്ദുക്കളെ മാത്രമാണ് ബിജെപി അംഗീകരിക്കുക എന്ന പ്രതിപക്ഷ ആരോപണത്തിനുള്ള മറുപടിയെന്ന് വി മുരളീധരൻ. അനിൽ ആൻ്റണിയെ ബിജെപിയിലേക്ക് സ്വീകരിച്ച് വി മുരളീധരൻ നടത്തിയ പ്രസ്‌താവനയിലാണ് അദ്ദേഹം പ്രതികരിച്ചത്. ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്ത സമ്മേളനത്തിലാണ് മുരളീധരന്‍റെ പ്രസ്‌താവന.
അനിൽ ആൻ്റണിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ബിജെപിയുടെ സ്ഥാപക ദിനത്തിൽ ആയതിനാൽ തന്നെ മധുരം ഇരട്ടിയാകുമെന്നും മുരളീധരൻ പറഞ്ഞു. കുടുംബത്തിന്‍റെ കീഴ്‌വഴക്കങ്ങൾക്കപ്പുറമായി നാടിൻ്റെ താത്‌പര്യങ്ങൾ ഉയർത്തിപ്പിടിച്ച് നിലപാടെടുത്തിരുന്ന ആളാണ് അനിൽ എന്നും മുരളീധരൻ കൂട്ടിച്ചേർത്തു. നരേന്ദ്ര മോദിയെ അംഗീകരിക്കുകയും അദ്ദേഹത്തിന്‍റെ നേതൃത്വത്തെ അംഗീകരിക്കുകയും ചെയ്യുന്ന നിരവധി ആളുകൾ ഇനിയും ബിജെപിയിലേക്ക് എത്തുമെന്നും ആദ്ദേഹം പറഞ്ഞു.
ഈ മാറ്റത്തിന്‍റെ സൂചനയാണ് അനിൽ ആൻ്റണിയുടെ ബിജെപി പ്രവേശനം. ഹൈന്ദവ വിഭാഗത്തിൽ പെടാത്തവരെ ബിജെപി സ്വാഗതം ചെയ്യില്ലെന്നാണ് ബിജെപിക്കെതിരെ ഉയർത്തുന്ന പ്രചാരണമെന്നും എന്നാൽ ഇനിയത് നിലനിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.