'ജനം സ്വയം തിരിച്ചറിഞ്ഞ അബദ്ധത്തിന്‍റെ രണ്ടാം വാർഷികം'; എൽഡിഎഫ് സർക്കാർ വ്യാജന്മാരെ സൃഷ്‌ടിക്കുന്നുവെന്ന് വി മുരളീധരൻ - ബിജെപി
തിരുവനന്തപുരം:പുതിയ തലമുറയിലടക്കം വ്യാജന്മാരെ സൃഷ്‌ടിക്കാൻ പഠിപ്പിക്കുന്ന ഭരണ കക്ഷിയാണ് കേരളത്തിലുള്ളതെന്ന വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ജനം സ്വയം തിരിച്ചറിഞ്ഞ വലിയ ഒരു അബദ്ധത്തിന്‍റെ രണ്ടാം വാർഷികമാണ് ഇതെന്നും കഴിഞ്ഞ രണ്ടാഴ്‌ചത്തെ സംഭവങ്ങൾ മാത്രം മതി സർക്കാർ എന്തെന്ന് അറിയാനെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ അടക്കം സർക്കാർ വ്യാജന്മാരെ തിരുകി കയറ്റി. ഈ സർക്കാരിനെ വിലയിരുത്താൻ മറ്റൊന്നും വേണ്ടെന്നും മുരളീധരൻ പറഞ്ഞു. അതേസമയം 2000 രൂപയുടെ നോട്ട് നിരോധിച്ചത് റിസർവ് ബാങ്കിന്‍റെ തീരുമാനമാണെന്നും കാര്യങ്ങളെല്ലാം റിസർവ് ബാങ്ക് വിശദീകരിച്ചിട്ടുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.
പിണറായി സർക്കാരിന്‍റെ രണ്ടാം വാർഷികത്തിനെതിരെ ബിജെപി ഇന്നലെ മുതൽ രാപ്പകൽ സമരം ആരംഭിച്ചിരുന്നു. പിണറായി വിജയൻ ഭരണത്തിൽ കാട്ടാന മുതൽ കാട്ടുപോത്ത് വരെ ആളെ കൊല്ലുന്നുവെന്ന് മുരളീധരൻ ഇന്നലെ സമരം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് പറഞ്ഞിരുന്നു. ജനത്തോട് മുണ്ട് മുറുക്കി കഴിയാൻ പറഞ്ഞ് പിണറായി വിജയൻ നീന്തൽ കുളം പണിയുകയാണ്. നീന്തൽ കഴിഞ്ഞാൽ മുഖ്യമന്ത്രിക്ക് പ്രിയം വിദേശ യാത്രയാണെന്നും മുരളീധരൻ പരിഹസിച്ചിരുന്നു.