എംടി ആരെക്കുറിച്ചാണ് പറഞ്ഞതെന്ന് ജനങ്ങൾക്കറിയാം : വി മുരളീധരൻ - പിണറായി വിജയൻ
Published : Jan 12, 2024, 7:25 PM IST
കോട്ടയം: എം ടി വാസുദേവൻ നായർ നടത്തിയ പരാമർശം ചിലർക്ക് തന്നെക്കുറിച്ചാണ് പറഞ്ഞതെന്ന് തോന്നിയത് സ്വഭാവികമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിലെ 95 ശതമാനം സാഹിത്യകാരന്മാരാണെന്ന് അവകാശപ്പെടുന്നവരും സ്‌തുതി പാഠകരായി മാറിയപ്പോൾ എം ടിയെ പോലൊരാൾ അത്തരം പരാമർശം നടത്തിയത് ജനങ്ങൾ സന്തോഷത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ എംടിയുടെ പ്രസ്‌താവന കൊണ്ട് പ്രയോജനമില്ലെന്നും, ഇതൊന്നും മുഖ്യമന്ത്രിയിൽ മാറ്റം വരുത്തുമെന്ന് തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു. സൈബർ പോരാളികളും സച്ചിദാനന്ദനും അലക്കി വെളുപ്പിച്ചാലും ഇത് ആരെക്കുറിച്ചാണ് പറഞ്ഞതെന്നും എന്ത് പശ്ചാത്തലത്തിലാണ് പറഞ്ഞതെന്നും ജനങ്ങൾക്ക് മനസിലായെന്ന് വി മുരളീധരൻ പറഞ്ഞു. എം ടിയുടേത് പൊതു പ്രസ്‌താവനയാണെന്നും ഇന്ത്യയുടെ പൊതു സന്ദർഭമായി വ്യാഖ്യാനിക്കാമെന്നും കവി സച്ചിദാനന്ദൻ പറഞ്ഞിരുന്നു. കോഴിക്കോട് നടക്കുന്ന ഏഴാമത് കേരള സാഹിത്യോത്സവത്തിന്‍റെ ഉദ്ഘാടന വേദിയിലായിരുന്നു എം ടി വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായി രാഷ്‌ട്രീയ വിമർശനം നടത്തിയത്. വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ടായിരുന്നു. എന്നാൽ പ്രസംഗം വിവാദമായതോടെ അത് സർക്കാറിനെയോ പിണറായിയെയോ ഉദ്ദേശിച്ചല്ലെന്നും മലയാളം അറിയാവുന്നവർക്ക് മനസിലാകുമെന്നും പറഞ്ഞ് എംടി വിശദീകരണം നല്‍കിയതായി സിപിഎം അനുകൂല മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.