oommen chandy treatment| 'ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്നത് തരം താഴ്‌ന്ന പ്രചാരണം'; വിഡി സതീശന്‍ - ജെയ്‌ക് സി തോമസ്
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട സിപിഎമ്മിന്‍റെ പ്രചരണം തരം താഴ്‌ന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉമ്മൻ ചാണ്ടിയുടെ ചികിത്സയിൽ സർക്കാർ ഇടപെടേണ്ട സാഹചര്യം ഉണ്ടായിട്ടില്ലായെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ചികിത്സയെക്കുറിച്ച് സിപിഎം സംസ്ഥാന സമിതി അംഗം അഡ്വ അനിൽകുമാർ ഉന്നയിച്ച ആരോപണത്തിനു കോട്ടയം പാമ്പാടിയിൽ വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുടുംബം നന്നായി തന്നെയാണ് ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നൽകിയത്. ഏറ്റവും മികച്ച ചികിത്സയാണ് ഉമ്മൻ ചാണ്ടിക്ക് നൽകിയത്. ഭാര്യയും മക്കളും കോൺഗ്രസ് പാർട്ടിയുമായി ആലോചിച്ചാണ് ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നടത്തിയത്. സ്വന്തം പിതാവിന്‍റെ കല്ലറയുള്ള പള്ളിയിലേക്ക് ചാണ്ടി ഉമ്മൻ പോകരുതെന്നാണ് സിപിഎം പറയുന്നതെന്നും വിഡി സതീശൻ പറഞ്ഞു. അതേസമയം, പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർഥിയായി ജയ്‌ക് സി തോമസ് മത്സരിക്കും. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സ്ഥാനാർഥിത്വം സംബന്ധിച്ച് ധാരണയായത്. നാളെ കോട്ടയത്ത് ജില്ല കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും ചേർന്ന ശേഷം സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും.