Uttarakhand Rain | കലശലായ മഴയില്‍ ഉത്തരാഖണ്ഡ് വലയുന്നു ; കോട്ദ്വാറിൽ പാലം തകര്‍ന്നു, വീഡിയോയ്‌ക്ക് ശ്രമിച്ചയാള്‍ ഒഴുക്കില്‍പ്പെട്ടു - പാലം
കോട്ദ്വാര്‍ (ഉത്തരാഖണ്ഡ്): ഇടതടവില്ലാതെ പെയ്യുന്ന മഴയില്‍ ഉത്തരാഖണ്ഡില്‍ വന്‍ നാശനഷ്‌ടം. മഴ ഉത്തരാഖണ്ഡിലെ മലയോര ജില്ലകളിലും സമതലപ്രദേശങ്ങളിലും സ്ഥിതിഗതികള്‍ വഷളാക്കിരിക്കുകയാണ്. ബുധനാഴ്‌ച രാത്രി വൈകിയും പെയ്‌ത മഴയില്‍ പൗരി ജില്ലയിലെ കോട്ദ്വാറിൽ പാലം തകര്‍ന്നിരുന്നു. മലൻ നദിക്ക് കുറുകെ നിർമിച്ച പാലത്തിന്‍റെ തൂൺ ഒലിച്ചുപോയതിനെത്തുടർന്നാണ് പാലം തകര്‍ന്നത്.
ഇതിന്‍റെ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ദൽദുഖാത്ത നിവാസിയായ യുവാവ് ശക്തമായ ഒഴുക്കില്‍പ്പെട്ടു. എന്നാല്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണി മുതൽ തുടർച്ചയായി മഴ പെയ്‌തതോടെ കോട്ദ്വാര്‍ വെള്ളത്തിനടിയിലാണ്. ഇതിനിടെ പാലം തകര്‍ന്നതുവഴി ഇവിടവുമായുള്ള പുറംലോകത്തിന്‍റെ ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.
തലസ്ഥാനത്തും ഭീതി വിതച്ച് മഴ: അതേസമയം യമുന നദി കര കവിഞ്ഞൊഴുകിയതിനെ തുടർന്ന് ഡൽഹി പ്രളയ ഭീതിയിലാണ്. നഗരത്തിന്‍റെ പല ഭാഗങ്ങളിലും വാട്ടർ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റുകൾ അടച്ചിട്ടതോടെ രാജ്യതലസ്ഥാനത്ത് ജലവിതരണം താറുമാറായിരിക്കുകയാണ്. വ്യാഴാഴ്‌ച പകലാണ് യമുന നദി കരകവിഞ്ഞൊഴുകി സമീപത്തെ തെരുവുകളും പൊതു-സ്വകാര്യ അടിസ്ഥാന സൗകര്യങ്ങളും വെള്ളത്തിനടിയിലായത്. നദിയിലെ ജലനിരപ്പ് 208.48 മീറ്ററോളമെത്തിയതോടെ നഗരം അതീവ അപകടാവസ്ഥയിലാണുള്ളത്. പ്രസ്‌തുത സാഹചര്യം കണക്കിലെടുത്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.