കേരളം

kerala

ഉമ്മൻ ചാണ്ടിയുമായുള്ള ഓർമകൾ പങ്കുവച്ച് ഉണ്ണി നായർ

ETV Bharat / videos

'ജാമ്യത്തിലിറക്കാൻ പഴക്കുലകളുമായി വന്ന യുവ നേതാവ്' ; ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് ഉണ്ണി നായർ - Unni Nair shares memories with Oommen Chandy

By

Published : Jul 19, 2023, 10:22 AM IST

Updated : Jul 19, 2023, 12:44 PM IST

കോഴിക്കോട് : ഉമ്മൻ ചാണ്ടി കൊയിലാണ്ടി ഭാഗത്ത് വന്നാൽ സന്ദർശിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ഒരു വീടുണ്ട്. ചെങ്ങോട്ടുകാവിലെ കൊരയംവാരി ഉണ്ണി നായരുടെ 'തുളസി'. ഇനിയൊരു വരവുണ്ടാകില്ല എന്ന ആ സത്യത്തെ ഉൾക്കൊള്ളാനാവാതെ ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്ര കാണുകയാണ് ഉണ്ണി നായർ. ശരീരത്തിൻ്റെ ഒരു ഭാഗം തളർന്നിരിക്കുമ്പോഴും ഉമ്മൻ ചാണ്ടിയുമായുള്ള ഓർമ്മകൾ തളരാത്ത മനസോടെ പങ്കുവയ്ക്കു‌കയാണ് അദ്ദേഹം. പ്രീഡിഗ്രി പഠനകാലത്ത് കെഎസ്‌യു സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായ ദിവസമാണ് ഉമ്മൻ ചാണ്ടിയെ ആദ്യമായി കണ്ടത്. ഉച്ചയോടെ ജാമ്യത്തിലിറക്കാൻ എത്തിയ ഉമ്മൻ ചാണ്ടി രണ്ട് പഴക്കുലകളുമായാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. എല്ലാവരേയും പുറത്തിറക്കിയ ഉമ്മൻ ചാണ്ടിയോട് അന്ന് മുതൽ തുടങ്ങിയതാണ് ഇഷ്‌ടം. ഒരു പ്രത്യേക ശക്തിയുള്ള വ്യക്തിയാണ് ഉമ്മൻ ചാണ്ടിയെന്ന് അന്ന് തന്നെ മനസിലായി. പിന്നീട് ആ ബന്ധം വളർന്നു. ജനങ്ങളോട് അടുക്കാനും അവരെ തിരിച്ചറിയാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. ഒരു കാര്യം പറഞ്ഞാൽ അത് ഓർമ്മിച്ചെടുത്ത് സാധിപ്പിച്ച് തരും. നമ്മളത് മറന്നുപോയാലും അത് ഓർമ്മിപ്പിക്കുന്ന അസാധ്യ കഴിവാണ് ഉമ്മന്‍ചാണ്ടിയുടേത്. ഇപ്പോൾ പറഞ്ഞത് കുറച്ചുനേരം കഴിഞ്ഞാൽ മറക്കുന്നവരും ഒഴിഞ്ഞ് മാറുന്നവരുമാണ് മിക്ക രാഷ്ട്രീയക്കാരും. അവരിൽ നിന്നെല്ലാം വിഭിന്നനായിരുന്നു ഉമ്മൻ ചാണ്ടിയെന്നും ഉണ്ണിനായർ അടിവരയിടുന്നു. ഒരു വ്യക്തിയോട് അടുക്കാൻ ഉമ്മൻ ചാണ്ടിക്ക് ചില വിദ്യകളുണ്ട്. പറയുന്നത് സത്യമാണോ എന്നത് വേറെ വഴിക്ക് പല തവണ അന്വേഷിക്കും. അതിൽ വിജയിച്ചാൽ ഉമ്മൻ ചാണ്ടിയോട് എന്തും നമുക്ക് പറയാം, വിശ്വാസം കൈവിടില്ല. ആ വിശ്വാസമാണ് അദ്ദേഹത്തെ തൻ്റെ വീട്ടിൽ എത്തിച്ചതും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിലേക്ക് വരെ ബന്ധം ദൃഢമാക്കിയതെന്നും ഉണ്ണി നായർ പറയുന്നു. ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാൻ വേണ്ടി ജന്മം കൊണ്ട വ്യക്തിയാണ് ഉമ്മൻ ചാണ്ടി. രാഷ്ട്രീയ കക്ഷികൾ തമ്മിൽ പോരടിക്കുന്ന ഈ സമയത്തും എതിരാളികൾ പോലും അദ്ദേഹത്തെ ജനകീയൻ എന്ന് വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്. കോൺഗ്രസിനെ വളർത്താനും സ്നേഹിക്കാനും ഉമ്മൻ ചാണ്ടിയെപ്പോലെ ഇനി ഒരാൾ ഉണ്ടാവില്ല. കോൺഗ്രസിലെ ഗ്രൂപ്പ് തന്നെ ഇനി ഇല്ലാതാകും. ഗ്രൂപ്പ് കളിച്ചാൽ ആരും രക്ഷപ്പെടില്ല. അല്ലെങ്കിൽ ഉമ്മൻ ചാണ്ടിയെ പോലെ ഏത് പ്രതിസന്ധിയേയും തരണം ചെയ്യാൻ അറിയുന്ന നേതാക്കൾ ഉണ്ടാവണം. ഉമ്മൻ ചാണ്ടിക്ക് സമം ഉമ്മൻ ചാണ്ടി മാത്രമാണെന്നും ഉണ്ണി നായർ പറയുന്നു.

Last Updated : Jul 19, 2023, 12:44 PM IST

ABOUT THE AUTHOR

...view details