International Yoga Day | യോഗാഭ്യാസത്തിനിടെ ശാരീരികാസ്വാസ്ഥ്യം ; വേദിയില്‍ നിന്ന് മടങ്ങി കേന്ദ്രമന്ത്രി - വീഡിയോ - മന്ത്രി
ഹാജിപൂര്‍ (ബിഹാര്‍):അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ച് പരിശീലന പ്രകടനത്തിന്‍റെ ഭാഗമാവുമ്പോള്‍ നേരിട്ട ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് വേദിയില്‍ നിന്ന് മടങ്ങി കേന്ദ്രമന്ത്രി പശുപതി കുമാർ പരസ്. ബിഹാറിലെ ഹാജിപൂരിൽ നടന്ന യോഗ ദിനാഘോഷത്തിന്‍റെ ഭാഗമാകവെയാണ് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ വകുപ്പ് മന്ത്രി പശുപതി കുമാർ പരസിന് ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നത്. തുടര്‍ന്ന് യോഗ വേദി വിട്ട മന്ത്രി കാറില്‍ മടങ്ങുകയായിരുന്നു.
യോഗ വേദിയില്‍ എത്തിയത് മുതല്‍ തന്നെ മന്ത്രി അസ്വസ്ഥനായി കാണപ്പെട്ടിരുന്നു. തുടര്‍ന്ന് യോഗയ്‌ക്കിടെ പിറകിലോട്ട് ചെരിഞ്ഞ അദ്ദേഹത്തെ സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് വീഴുന്നതിന് മുമ്പേ രക്ഷിക്കുകയായിരുന്നു. തനിക്ക് സുഖമില്ലായിരുന്നുവെന്നും എന്നാല്‍ യോഗാദിന പരിപാടി സുപ്രധാനമായതിനാൽ പങ്കെടുത്തതാണെന്നും മന്ത്രി പ്രതികരിച്ചു. ഉടന്‍ തന്നെ ആശുപത്രിയിലെത്തി ചികിത്സ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസാഫർപൂരിലേക്ക് പോകുമ്പോൾ തന്‍റെ വാഹനം കുഴിയിലേക്ക് തെന്നിമാറിയതിനാല്‍ ആരോഗ്യം മോശമായിരുന്നു. അതുകൊണ്ടുതന്നെ ശാരീരിക പ്രശ്‌നങ്ങളുമുണ്ട്. പരിക്ക് കാരണമാണ് യോഗ ചെയ്യാൻ ബുദ്ധിമുട്ടുണ്ടായത്. താന്‍ ഉടന്‍ തന്നെ ഡൽഹിയിൽ പോയി എയിംസിൽ വിദഗ്‌ധ ചികിത്സ തേടുമെന്നും മന്ത്രി പശുപതി കുമാർ പരസ് അറിയിച്ചു.