ലീഗ് തീരുമാനം തിരിച്ചടിയല്ല; കോൺഗ്രസിനെ സെമിനാറിൽ ക്ഷണിക്കാത്തത് വ്യക്‌തമായ നിലപാടില്ലാത്തതിനാലെന്ന് എം വി ഗോവിന്ദൻ
കോട്ടയം : ഏക സിവിൽ കോഡിനെതിരെ സിപിഎം നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള ക്ഷണം മുസ്‌ലിം ലീഗ് നിരസിച്ചതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുസ്‌ലിം ലീഗ് ക്ഷണം നിരസിച്ചത് തിരിച്ചടിയല്ലെന്നും സെമിനാറിൽ ഒരു പാർട്ടി വിട്ടുനിന്നാൽ അത് സെമിനാറിന് തിരിച്ചടി ആകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കോൺഗ്രസിന് വ്യക്തമായ നിലപാട് ഇല്ലാത്തതിനാലാണ് അവരെ ഒഴിവാക്കി നിർത്തി ബാക്കിയുള്ളവരെ ക്ഷണിച്ചത്. ഏക വ്യക്തി നിയമത്തിന് എതിരായി വിപുലമായ യോഗങ്ങളാണ് ഉദ്ദേശിക്കുന്നത്. സമര മുഖത്തിന്‍റെ തുടക്കം മാത്രമാണിതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
തുടർച്ചയായ പോരാട്ടങ്ങൾ നടത്തേണ്ടി വരും. അതിൽ ഭാവിയിൽ എല്ലാവർക്കും ചേരാൻ കഴിയും എന്നാണ് മുസ്‌ലിം ലീഗ് പോലും ഇപ്പോൾ പറഞ്ഞു വയ്‌ക്കുന്നത്. അവരും ഇതിൽ പങ്കെടുക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും എം വി ഗോവിന്ദൻ കോട്ടയത്ത് പ്രതികരിച്ചു.
ഇന്ന് രാവിലെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് സിപിഎം നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ് തീരുമാനിച്ചത്. കോണ്‍ഗ്രസിനെയും യുഡിഎഫിലെ മറ്റ് ഘടക കക്ഷികളെയും ക്ഷണിക്കാതെയാണ് സിപിഎം സെമിനാര്‍ നടത്തുന്നതെന്നും അതിനാലാണ് ലീഗ് വിട്ടുനിൽക്കുന്നതെന്നും സാദിഖലി തങ്ങള്‍ വ്യക്‌തമാക്കിയിരുന്നു.