സാറ്റലൈറ്റ് റേഡിയോ കോളർ എത്തിക്കുന്നതിൽ അനിശ്ചിതത്വം; അരിക്കൊമ്പൻ ദൗത്യം വൈകുന്നു - idukki Arikomban mission
ഇടുക്കി: അരിക്കൊമ്പൻ ദൗത്യം വെെകുന്നത് ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ നാട്ടുകാരെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ ദിവസം വെട്ടോന്തേരി ഭാഗത്തെത്തിയ അരിക്കൊമ്പൻ എപ്പോൾ വേണമെങ്കിലും ജനവാസ മേഖലയിലിറങ്ങാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. അതിനിടെ അരിക്കൊമ്പന്‍റെ ദേഹത്ത് ഘടിപ്പിക്കാനുള്ള സാറ്റലൈറ്റ് റേഡിയോ കോളർ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്.
അസം വനംവകുപ്പ് മേധാവിയുടെ അനുമതി ലഭിച്ചെങ്കിലും ബെംഗളൂരുവിൽ നിന്ന് റേഡിയോ കോളർ എത്തിക്കുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ സാറ്റലൈറ്റ് റേഡിയോ കോളർ എത്തിച്ചാലും സർക്കാർ തീരുമാനം അനുസരിച്ച് മാത്രമെ ദൗത്യം പൂർത്തിയാക്കാൻ കഴിയൂ എന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്‌തമാക്കുന്നു.
അരിക്കൊമ്പൻ ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്നത് പ്രദേശവാസികളിലും ഭീതി പടർത്തുന്നുണ്ട്. ഒരാഴ്‌ചക്കകം അരിക്കൊമ്പനെ മാറ്റാനുള്ള തീരുമാനം എടുക്കണമെന്ന ഹൈക്കോടതി നിർദേശവും സർക്കാരിനെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഏത് വന മേഖലയിലേക്ക് പിടിച്ച് മാറ്റുമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനാവാതെ കുഴയുകയാണ് സർക്കാർ.
എവിടേക്ക് മാറ്റാൻ തീരുമാനം എടുത്താലും അത് ജനകീയ പ്രതിഷേധത്തിലേക്ക് കടക്കുമെന്നതാണ് സർക്കാർ നിരീക്ഷണം. അതേസമയം അരിക്കൊമ്പൻ വിഷയത്തിൽ കോടതി ഇടപെടലിനെ രൂക്ഷമായി വിമർശിച്ച് സിപിഎം ജില്ല സെക്രട്ടറി സി വി വർഗീസ് രംഗത്തെത്തി.
അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും മാറ്റുന്നത് ഇടത്തെ കാലിലെ മന്ത് വലത്തെ കാലിലേക്ക് മാറ്റുന്നതിനു തുല്യമാണെന്നും പലപ്പോളും മീഡിയ മാനിയ ആണ് ജുഡീഷ്യറിയിൽ പ്രകടമാകുന്നതെന്നും സി വി വർഗീസ് ആരോപിച്ചു. അതേസമയം അരിക്കൊമ്പനെ മാറ്റാനുള്ള തീരുമാനം നീളുന്നതോടെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ ജനകീയ സമരം പുനരാരംഭിക്കാനുള്ള നീക്കത്തിലാണ് ജനങ്ങൾ.