ഐഐഎസ് ഉദ്യോഗസ്ഥനെ തടഞ്ഞു, തലസ്ഥാനത്ത് യുഡിഎഫ് പ്രതിഷേധം ശക്തം - ഐഐഎസുകാരനെ തടഞ്ഞ് പ്രതിഷേധം
തിരുവനന്തപുരം : സാംസ്‌കാരിക വകുപ്പ് ഡയറക്‌ടർ ഡോ. എസ് സുബ്രഹ്മണ്യൻ ഐഐഎസിനെ (ഇന്ത്യൻ ഇൻഫർമേഷൻ സർവീസ്) തടഞ്ഞ് യുഡിഎഫ് പ്രതിഷേധക്കാർ. സെക്രട്ടേറിയറ്റ് അനക്‌സിന് സമീപം ബാരിക്കേഡ് വച്ച് തടഞ്ഞ വഴിയിലൂടെ സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ പ്രതിഷേധക്കാർ തടഞ്ഞത്. ഔദ്യോഗിക വാഹനത്തിൽ എത്തിയ ഐഐഎസ് ഉദ്യോഗസ്ഥൻ വാഹനം നിർത്തി നടന്ന് ബാരിക്കേഡ് കടന്ന് പോകാൻ ശ്രമിക്കുകയായിരുന്നു.
ഇതോടെ പ്രതിഷേധക്കാർ ഉദ്യോഗസ്ഥനെ വളഞ്ഞു. തുടർന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് പിൻമാറിയ ഉദ്യോഗസ്ഥൻ വാഹനത്തിൽ കയറാതെ മറ്റൊരു വഴിയിലൂടെ നടന്നു പോവുകയായിരുന്നു. ഔദ്യോഗിക വാഹനത്തിന് നേരെയും യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസ് എത്തിയാണ് വാഹനത്തെ സുരക്ഷിതമായി തിരികെ അയച്ചത്.
ജീവനക്കാരെ പ്രവേശിപ്പിച്ചതിലും സംഘർഷം : ബാരിക്കേഡിനിടയിലൂടെ സെക്രട്ടേറിയറ്റ് ജീവനക്കാരെ അകത്തേക്ക് പൊലീസ് കടത്തിവിട്ടതോടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. നോര്‍ത്ത് ഗേറ്റിന് സമീപമാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്. സെക്രട്ടേറിയറ്റ് അനക്‌സിന് സമീപം തീർത്ത ബാരിക്കേഡിന്‍റെ വശത്ത് കൂടി ജീവനക്കാരെ പ്രവേശിപ്പിച്ചത് പ്രതിഷേധക്കാർ തടഞ്ഞു. ഇവിടെയും പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.