അയ്യപ്പൻ കോവിൽ തോണിതടിയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു - ബിബിൻ ബിജു
ഇടുക്കി:അയ്യപ്പൻ കോവിൽ തോണിതടിയിൽ പെരിയാറിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ചപ്പാത്ത് പച്ചക്കാട് സ്വദേശി ബിബിൻ ബിജു, റാന്നി സ്വദേശി നിഖിൽ പി എസ് എന്നിവരാണ് മുങ്ങി മരിച്ചത്. മുങ്ങിത്താഴുന്നത് കണ്ട് സമീപത്തെ കൃഷിയിടത്തിൽ ഉണ്ടായിരുന്നവർ കുട്ടികളെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.
ഉപ്പുതറ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിബിന്‍റെ പിതാവിനെ കണ്ട ശേഷം തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പമ്പ് ഹൗസിന് സമീപത്തെ കയത്തിൽ ഇരുവരും കുളിക്കാനായി ഇറങ്ങിയത്. ഇതിനിടെ വിദ്യാർഥികൾ കയത്തിൽ മുങ്ങിപ്പോവുകയായിരുന്നു. വഴിയിലൂടെ പോവുകയായിരുന്ന വ്യക്‌തിയാണ് കുട്ടികളുടെ കൈ വെള്ളത്തിൽ മുങ്ങിപ്പോകുന്നത് കണ്ടത്.
ഉടൻ തന്നെ ഇയാൾ ബഹളം വയ്‌ക്കുകയും സമീപത്തെ കൃഷിയിടത്തിൽ ഉണ്ടായിരുന്നവർ എത്തി കുട്ടികളെ പുറത്തെടുക്കുകയുമായിരുന്നു. എന്നാൽ അപ്പോഴേക്കും കുട്ടികൾ മരണപ്പെട്ടിരുന്നു. മൃതദേഹങ്ങൾ ഉപ്പുതറ സർക്കാർ ആശുപത്രി മോർച്ചറിയിലാണ്. വിവരമറിഞ്ഞ് നിരവധി ആളുകളാണ് ആശുപത്രിയിൽ തടിച്ചു കൂടിയത്.
മുരിക്കാട്ടുകുടി സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ് മരിച്ച ബിബിൻ ബിജു. മേരിക്കുളം സെന്‍റ് മേരിസ് സ്‌കൂളിലെ വിദ്യാർഥിയാണ് നിഖിൽ. 10-ാം ക്ലാസ് വരെ ഒരുമിച്ച് പഠിച്ച ഇരുവരും നിലവിൽ പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഫലത്തിനായി കാത്തിരിക്കുകയായിരുന്നു.