പോത്തന്‍കോട് വിദ്യാർഥിനിയെ നടുറോഡിൽ മർദിച്ച കേസിൽ 2 പ്രതികൾ അറസ്‌റ്റിൽ - ഇന്നത്തെ പ്രധാന വാര്‍ത്ത
തിരുവനന്തപുരം: ചേങ്കോട്ടുകോണത്ത് പ്ലസ് വൺ വിദ്യാർഥിനിയെ നടുറോഡിൽ മർദിച്ച കേസിൽ രണ്ടു പ്രതികൾ അറസ്‌റ്റിൽ. ഞാണ്ടൂർക്കോണം പ്ലാക്കീഴ്, ശരണ്യ ഭവനിൽ അരുൺ പ്രസാദ് (31), കാട്ടായിക്കോണം മേലേകാവുവിള വീട്ടിൽ വിനയൻ (28) എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. വ്യാഴാഴ്‌ച വൈകിട്ട് നാല് മണിയോടെ ക്ലാസ് കഴിഞ്ഞ് ബസ് സ്‌റ്റോപ്പിലേക്ക് പോകുകയായിരുന്ന ചേങ്കോട്ടുകോണം എസ് എൻ പബ്ലിക് സ്‌കൂളില പ്ലസ് വൺ വിദ്യാർഥിനിയേയാണ് നാലംഗ സംഘം ആക്രമിച്ചത്. മുടി വെട്ടിയതിനെ കളിയാക്കുകയും തുടർന്ന് വാക്കേറ്റമുണ്ടാവുകയും ചെയ്‌തു.
ആൺകുട്ടിയാണന്ന് കരുതിയാണ് രണ്ടു ബൈക്കിലെത്തിയ നാലംഗ സംഘം പെൺകുട്ടിയുമായി തർക്കമുണ്ടായതും തുടർന്ന് മർദിക്കുകയും ചെയ്‌തത്. പിന്നീടാണ് പെൺകുട്ടിയാണെന്ന് സംഘം തിരിച്ചറിയുന്നത്. ഇതോടെ സംഘം വാഹനങ്ങളുമായി കടന്നു കളയുകയായിരുന്നു.
അക്രമത്തിൽ കുട്ടിയുടെ ചെവിക്കും നെഞ്ചിനും വയറിനും പരിക്കേറ്റു. പരിക്കേറ്റ പെൺകുട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി. പ്രതികൾ എത്തിയ ബൈക്കിന്‍റെ നമ്പർ തിരിച്ചറിഞ്ഞാണ് ഇവരെ പിടികൂടിയത്.
കേസിൽ മറ്റു രണ്ടു പേർ കൂടിയുള്ളതായും അവർ ഉടൻ പിടിയിലാകുമെന്നും പോത്തൻകോട് പൊലീസ് പറഞ്ഞു. പോത്തൻകോട് ഇൻസ്പെക്‌ടർ മിഥുൻ, എസ് ഐ രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു.