പൊന്നുംവില ; രണ്ടരലക്ഷം രൂപയുടെ തക്കാളി മോഷണം പോയി
ഹാസൻ : തക്കാളി വില കുതിച്ചുയർന്നതിന് പിന്നാലെ കർണാടകയിലെ ഹാസൻ ജില്ലയിലെ കൃഷിയിടത്തിൽ നിന്ന് രണ്ടര ലക്ഷം രൂപ വില വരുന്ന തക്കാളി മോഷണം പോയതായി പരാതി. ജൂലൈ നാലിന് രാത്രിയാണ് സംഭവം. രണ്ടേക്കർ സ്ഥലത്ത് ധരണി എന്ന കർഷക കൃഷി ചെയ്‌തിരുന്ന തക്കാളിയാണ് മോഷണം പോയത്.
'ബെംഗളൂരുവിൽ തക്കാളി കിലോയ്ക്ക് 120 രൂപയ്ക്ക് മുകളിലെത്തിയിരുന്നു. തക്കാളി വിളവെടുത്ത് വിപണിയിൽ എത്തിക്കാനിരിക്കെയാണ് കവര്‍ച്ച നടന്നതെന്ന് ധരണി പറഞ്ഞു. ബീൻസ് വിളവെടുപ്പിൽ തങ്ങൾക്ക് വലിയ നഷ്‌ടം സംഭവിച്ചിരുന്നു. പിന്നീട് വായ്‌പ എടുത്താണ് തക്കാളി കൃഷി ചെയ്‌തത്. തങ്ങൾക്ക് നല്ല വിളവുണ്ടായിരുന്നു. തക്കാളിക്ക് വിലയും ഉയർന്നു. 50-60 ചാക്ക് തക്കാളി മോഷ്‌ടാക്കൾ എടുത്തു. ഇതിന് പുറമേ, ബാക്കിയുള്ള കൃഷി മോഷ്‌ടാക്കൾ നശിപ്പിക്കുകയും ചെയ്‌തുവെന്നും ധരണി പറഞ്ഞു. ഹളേബീട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
കീടബാധയെ തുടര്‍ന്ന് കൃഷി നശിക്കുന്ന സാഹചര്യവും നിലവിലുണ്ട്. ഒരാഴ്‌ച കൊണ്ട് 2-3 ലക്ഷം രൂപയുടെ നഷ്‌ടമാണ് ധാർവാഡിലെ കർഷകന് ഉണ്ടായത്. വിപണിയിൽ വില ഉണ്ടെങ്കിലും ഇത്തരത്തിൽ കൃഷി നശിക്കുന്നതും വിളവെടുക്കുന്നതിന് മുൻപേ മോഷ്‌ടിക്കപ്പെടുന്നതും കർഷകരെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.