ഇടുക്കിയുടെ കുളിരും കാഴ്‌ചകളും ആസ്വദിക്കാം; കട്ടപ്പനയില്‍ ഏറുമാടമൊരുക്കി അച്ഛനും മക്കളും, നേരംപോക്കിനുണ്ടാക്കിയത് ഏറെ ജനപ്രിയം
ഇടുക്കി:പാഴ്‌ത്തടികള്‍ ഉപയോഗിച്ച് കട്ടപ്പനയില്‍ അച്ഛനും മക്കളും നിര്‍മിച്ച ഏറുമാടം ജനശ്രദ്ധ നേടുന്നു. കുന്തളംപാറ വിടി നഗര്‍ സ്വദേശി ടോമിയും മക്കളും നിര്‍മിച്ച ഏറുമാടം കാണാന്‍ നിരവധി പേരാണ് എത്തുന്നത്. കൊവിഡ് കാലത്തെ ലോക്‌ഡൗണിലെ വിരസത മാറ്റാനായി പാഴ്‌ത്തടികള്‍ ഉപയോഗിച്ചാണ് ഏറുമാടം നിര്‍മിച്ചത്.
സ്വന്തം സ്ഥലത്തെ ഏലത്തോട്ടത്തിന് നടുവിലായാണ് ഏറുമാടം നിര്‍മിച്ചിരിക്കുന്നത്. നാല് കാറ്റാടി മരങ്ങളില്‍ വടം വലിച്ച് കെട്ടി അതില്‍ മുളയും പാഴ്‌ത്തടികളും വച്ച് കെട്ടിയാണ് ഏറുമാടം നിര്‍മിച്ചത്. ഏറുമാടത്തില്‍ കയറി നിന്നാല്‍ അകലെയുള്ള പാറക്കൂട്ടങ്ങളെല്ലാം വളരെ വ്യക്തമായി കാണാനാകും. പച്ചപ്പുകള്‍ നടുവില്‍ ഒരുക്കിയത് കൊണ്ട് ഏറുമാടത്തിന് മുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വളരെ മനോഹരമാണ്.
കൂടാതെ കട്ടപ്പന നഗരത്തിന്‍റെ വിദൂര ദൃശ്യങ്ങളും അഞ്ചുരുളി തടാകവും കുരിശുമലയുമെല്ലാം ഇവിടെ നിന്ന് ആവോളം ആസ്വദിക്കാനാകും. ഒരു കാലത്ത് ഹൈറേഞ്ചിലെ സ്ഥിര കാഴ്‌ചയായിരുന്നു ഏറുമാടങ്ങള്‍. എന്നാല്‍ വികസനങ്ങള്‍ ഓരോന്നും വന്നു തുടങ്ങിയതോടെ ഇവയെല്ലാം ഇല്ലാതായി തുടങ്ങി. കൗതുക കാഴ്‌ചയായി ഇപ്പോള്‍ റിസോട്ടുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മാത്രമാണ് ഏറുമാടങ്ങള്‍ കാണാനാവുക.
ഏറുമാടം നിര്‍മിച്ചുവെന്നറിഞ്ഞതിനെ തുടര്‍ന്ന് നിരവധി പേരാണ് ടോമിയുടെ ഏലത്തോട്ടത്തിലെത്തുന്നത്. ആളുകള്‍ക്ക് ഏറുമാടത്തില്‍ താമസ സൗകര്യം ഒരുക്കുമോയെന്ന് നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ ഏറുമാടം നവീകരിച്ച് ഹോം സ്റ്റേയാക്കാനുള്ള ഒരുക്കത്തിലാണ് ടോമിയും മക്കളും.