കേരളം

kerala

ആലുവയിൽ ആൽമരം ഒടിഞ്ഞ് വീണ് 8 വയസുകാരന് ദാരുണാന്ത്യം; സുഹൃത്തുക്കളായ 2 കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

ETV Bharat / videos

ആലുവയിൽ ആൽമരം ഒടിഞ്ഞ് വീണ് 8 വയസുകാരന് ദാരുണാന്ത്യം; സുഹൃത്തുക്കളായ 2 കുട്ടികള്‍ക്ക് ഗുരുതര പരിക്ക് - എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത

By

Published : Jun 10, 2023, 7:43 PM IST

Updated : Jun 10, 2023, 8:29 PM IST

എറണാകുളം: ആലുവയിൽ ആൽമരം ഒടിഞ്ഞ് വീണ് എട്ടു വയസുകാരന് ദാരുണാന്ത്യം. വെളിയത്തുനാട് കാരോട്ട് പറമ്പിൽ രാജേഷിന്‍റെ മകൻ അഭിനവ് കൃഷ്‌ണയാണ് മരിച്ചത്. ആലുവ വെളിയത്തു നാട് വെള്ളാം ഭഗവതി ക്ഷേത്രമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികൾക്ക് മേല്‍ മഴയെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റിൽ ആൽമരത്തിന്‍റെ ചില്ല ഒടിഞ്ഞു വീഴുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഭിനവിനെ ആദ്യം ആലുവ കാരോത്തുകുഴി ആശുപത്രിയിലും, തുടർന്ന് രാജഗിരി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഭിനവിനൊപ്പം കളിക്കുകയായിരുന്ന കരോട്ടു പറമ്പിൽ സബീഷിന്‍റെ മകൻ സച്ചിൻ (7) പുത്തൻ ചാലിൽ വിനോദിന്‍റെ മകൻ ആദിദേവ് വിനോദ് (8) എന്നീ രണ്ട് കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്‌ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. 

ആൽമരത്തിന് സമീപം ഫുട്ബോൾ കളിക്കുകയായിരുന്ന കുട്ടികളുടെ മുകളിലേക്ക് കാറ്റിൽ ഒടിഞ്ഞു വീണ ആൽ മരത്തിന്‍റെ ശിഖരം പതിക്കുകയായിരുന്നു. പത്തുപേരായിരുന്നു ഈ സമയം ഇവിടെ കളിച്ച് കൊണ്ടിരുന്നത്. വലിയ ശബ്‌ദത്തോടെ മരം വീഴുന്നതിനിടെ കുട്ടികൾ ഓടി മാറിയെങ്കിലും മൂന്ന് പേർ മരത്തിനടിയിൽ പെടുകയായിരുന്നു. 

ഇതിൽ മരണപ്പെട്ട കുട്ടി ഗോൾകീപ്പറായി ആൽമരത്തിനോട് ചേർന്ന് നിൽക്കുകയായിരുന്നു. മൂവരേയും നാട്ടുകാർ അപകടം നടന്ന ഉടൻ തന്നെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിക്കുകയും, ഗുരുതര പരിക്കേറ്റ അഭിനവിനേയും, സച്ചിനേയും  രാജഗിരിയിലേക്ക് മാറ്റുകയായിരുന്നു. ഇതിൽ തലയ്ക്ക് പരിക്കേറ്റ അഭിനവിന്‍റെ പരിക്ക് ഗുരുതരമായിരുന്നു. സച്ചിൻ എന്ന കുട്ടിക്കും കഴുത്തിലെ എല്ലുകൾക്ക് പൊട്ടൽ ഉൾപെടെ സാരമായ പരിക്കുണ്ട്.

അപകട നില തരണം ചെയ്‌ത ഈ കുട്ടി നിലവില്‍ രാജഗിരി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. സ്‌കൂൾ അവധി ദിനമായതിനാല്‍ ചെറിയ ചാറ്റൽ മഴയും കാറ്റും ഉള്ള സമയത്തു തന്നെയായിരുന്നു കുട്ടികൾ ഫുട്ബോൾ കളിച്ച് കൊണ്ടിരുന്നത്. സാധാരണ നിരവധി കുട്ടികൾ കളിക്കാനായി ഇവിടെ എത്താറുണ്ടങ്കിലും ഇന്ന് കുറച്ച് പേർ മാത്രമാണുണ്ടായിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഇത് അപകടത്തിന്‍റെ വ്യാപ്‌തി കുറയാൻ കാരണമായി.

Last Updated : Jun 10, 2023, 8:29 PM IST

ABOUT THE AUTHOR

...view details