കേരളം

kerala

ആൻമരിയയ്ക്ക് വേണ്ടി നാട് കൈകോർത്തു: ആംബുലൻസ് കട്ടപ്പനയില്‍ നിന്ന് കൊച്ചിയിലെത്തിയത് രണ്ടര മണിക്കൂറില്‍

By

Published : Jun 1, 2023, 5:10 PM IST

ആന്‍മരിയയെ അമൃത ആശുപത്രിയിലെത്തിക്കുന്നു ദൃശ്യം

എറണാകുളം: കേരളത്തിന്‍റെ ഹൈറേഞ്ച് മേഖലയായ ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ നിന്ന് തീരപ്രദേശമായ കൊച്ചിയിലെ അമൃത ആശുപത്രിയിലെത്താൻ വേണ്ടത് അഞ്ച് മണിക്കൂറിലധികം സമയമാണ്. പക്ഷേ നന്മയുള്ള മനുഷ്യർ കൈകോർത്തപ്പോൾ പതിനേഴുകാരി ആൻമരിയയെ അതിവേഗം വിദഗ്‌ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ചു. ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ വെച്ച് ഹൃദയാഘാതമുണ്ടായ ആന്‍മരിയ ജോയ് എന്ന കുട്ടിക്ക് വേണ്ടിയാണ് നാട് ഒന്നിച്ചത്. 

വിദഗ്‌ധ ചികിത്സയ്ക്കായി ആൻമരിയയെ റോഡ് മാർഗം ഏറ്റവും വേഗത്തിൽ കൊച്ചിയിലെത്തിക്കാൻ സഹായിക്കണമെന്ന മന്ത്രി റോഷി അഗസ്റ്റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. വഴിയൊരുക്കാൻ പൊലീസും നാട്ടുകാരും കൈകോർത്തതോടെയാണ് ഏറ്റവും ചുരുങ്ങിയ സമയത്തിൽ ആൻ മരിയയെ കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. 

ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് കട്ടപ്പന സെന്‍റ് ജോണ്‍സ് ആശുപത്രിയില്‍ നിന്നാണ് എറണാകുളം അമൃത ആശുപത്രിയിലേക്ക് ആൻമരിയയെ ആംബുലന്‍സില്‍ എത്തിച്ചത്. 133 കിലോമീറ്റർ ദൂരം രണ്ട് മണിക്കൂർ മുപ്പത്തിയൊമ്പത് മിനിറ്റ് കൊണ്ടാണ് ആംബുലൻസ് ഓടി എത്തിയത്.  

ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് ചെറുതോണി - തൊടുപുഴ - മുവാറ്റുപുഴ - വൈറ്റില വഴിയാണ് എറണാകുളം ജില്ലയിലെ ഇടപ്പള്ളി അമൃത ആശുപത്രിയില്‍ എത്തിച്ചത്. KL 06 H 9844 നമ്പരിലുള്ള കട്ടപ്പന സര്‍വീസ് ബാങ്ക് ആംബുലന്‍സിലാണ് ദൗത്യം പൂർത്തിയാക്കിയത്. അതേസമയം കുട്ടിയെ എത്തിക്കുന്നതിന് മുമ്പ് തന്നെ അമൃത ആശുപത്രിയിൽ ചികിത്സക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയിക്കിയിരുന്നു. 

ആംബുലൻസ് ആശുപത്രിയിലെത്തിയതോടെ ഒരു നിമിഷം പോലും പാഴാക്കാതെ ആൻമരിയയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. 72 മണിക്കൂർ വിദഗ്‌ധ ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും ആൻമരിയ. ആരോഗ്യ സ്ഥിതി സംബന്ധിച്ച് താമസിയാതെ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ആംബുലൻസ് ഡ്രൈവർമാരായ മണിക്കുട്ടൻ, തോമസ് നേഴ്‌സുമാരായ ടിൻസ്, ബിബിൻ എന്നിവരാണ് ദൗത്യത്തില്‍ പങ്കെടുത്തത്. 

ABOUT THE AUTHOR

...view details