Transport Dept Officials Protest Against MM Mani എംഎം മണിയുടെ പ്രസ്‌താവനയിൽ ഇന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ സംസ്ഥാന വ്യാപക പ്രതിഷേധം - എംഎം മണി നടത്തിയ വിവാദ പരാമര്‍ശം
Published : Oct 4, 2023, 9:46 AM IST
ഇടുക്കി:ഉടുമ്പന്‍ചോല എംഎല്‍എ എംഎം മണിയുടെ സ്ത്രീ വിരുദ്ധ പ്രസ്‌താവനയില്‍, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും (Transport Dept Officials Protest Against MM Mani). നെടുങ്കണ്ടത്ത് നടക്കുന്ന സമരത്തില്‍ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. വാഹന ഉടമകളെ അന്യായമായി ദ്രോഹിച്ചതിനാലാണ് പ്രതികരിച്ചതെന്നും ഇത് തുടര്‍ന്നാല്‍ ഇനിയും അധിക്ഷേപിക്കുമെന്നും എംഎം മണി പറഞ്ഞു. കഴിഞ്ഞ ദിവസം നെടുങ്കണ്ടത്ത് നടന്ന സമരത്തിനിടെ എംഎം മണി നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് കേരള അസിസ്‌റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധം നടക്കും. എംഎം മണി മാപ്പ് പറയണമെന്നും സ്വതന്ത്രമായി ജോലി ചെയ്യാന്‍ അനുവദിക്കണമെന്നുമാണ് ആവശ്യം. ചിലർ രാഷ്ട്രീയം കളിക്കുകയാണെന്നും അവര്‍ ചെയ്യുന്ന തോന്ന്യവാസത്തിന് പിണറായിയുടെ പേര് വലിച്ചിഴയ്‌ക്കേണ്ടെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞ ദിവസം എംഎം മണിയുടെ നാവ് നന്നാകാന്‍ വേണ്ടി ഒരു കൂട്ടം സ്‌ത്രീകളുടെ നേതൃത്വത്തില്‍ നെടുങ്കണ്ടത്ത് നടുറോഡില്‍ കൂട്ട പ്രാര്‍ത്ഥന നടന്നിരുന്നു.