കേരളം

kerala

ബോഡി നായ്‌ക്കന്നൂരില്‍ നാളെ ട്രെയിന്‍ ചൂളം വിളിയുയരും

ETV Bharat / videos

ബോഡി നായ്‌ക്കന്നൂരില്‍ നാളെ ട്രെയിന്‍ ചൂളം വിളിയുയരും; പ്രതീക്ഷയില്‍ ഇടുക്കിയിലെ വിനോദ സഞ്ചാര മേഖല - ഇടുക്കി

By

Published : Jun 14, 2023, 6:10 PM IST

ഇടുക്കി: പച്ചപ്പുകള്‍ക്കിടയിലൂടെ മലയും കുന്നും താണ്ടി ചൂളം വിളിച്ചെത്തുന്ന ട്രെയിനുകള്‍ കാണാനുള്ള ഇടുക്കി നിവാസികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമം. ഇടുക്കിക്കാര്‍ ഒന്ന് എത്തിനോക്കിയാല്‍ കാണുന്ന ദൂരത്താണ് ട്രെയിനുകള്‍ സര്‍വീസ് നടത്താനൊരുങ്ങുന്നത്. മലയോര മേഖലയിലേക്ക് ട്രെയിന്‍ സര്‍വീസ് വേണമെന്ന ആവശ്യവും ആഗ്രഹവും പ്രകടിപ്പിക്കുന്ന ഇടുക്കി നിവാസികളുടെ പ്രതീക്ഷയ്‌ക്ക് ഇത് കൂടുതല്‍ കരുത്ത് പകരും. 

നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ ബോഡി നായ്‌ക്കന്നൂര്‍ റെയില്‍ പാളത്തില്‍ നാളെ (ജൂണ്‍ 15) ട്രെയിനിന്‍റെ ചൂളം വിളിയുയരും. രാത്രി 8.30ന് ആദ്യ സര്‍വീസ് കേന്ദ്രമന്ത്രി എല്‍ മുരുകന്‍ ഫ്ലാഗ് ഓഫ് ചെയ്യും. ട്രെയിന്‍ നമ്പര്‍ 20602 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസാണ് ആദ്യ സര്‍വീസ് നടത്തുക. 

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ബോഡി നായ്‌ക്കന്നൂരില്‍ നിന്ന് ചെന്നൈയിലേക്കും ചൊവ്വ, വ്യാഴം, തിങ്കള്‍ എന്നീ ദിവസങ്ങളില്‍ തിരിച്ചും സര്‍വീസ് നടത്തും. അതേസമയം മധുര- ബോഡി റൂട്ടില്‍ അണ്‍ റിസര്‍വേര്‍ഡ് എക്‌സ്പ്രസ് ട്രെയിന്‍ എല്ലാ ദിവസവും സര്‍വീസ് നടത്തും.

മധുരയില്‍ നിന്ന് രാവിലെ 8.20ന് ആരംഭിക്കുന്ന ട്രെയിന്‍ 10.30ന് ബോഡി നായ്‌ക്കന്നൂരിലെത്തും. തുടര്‍ന്ന് വൈകിട്ട് 5.50ന് ബോഡി നായ്‌ക്കന്നൂരില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.50ന് മധുരയില്‍ എത്തും. മധുര- തേനി- ബോഡി റൂട്ടില്‍ 90 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ബ്രോഡ്‌ ഗേജ് പാത നിര്‍മിച്ചിരിക്കുന്നത്. 

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ തേനി വരെയുള്ള സര്‍വീസ് ആരംഭിച്ചിരുന്നു. ബോഡി നായ്‌ക്കന്നൂരിലേയ്ക്കുള്ള പാതയില്‍ വിവിധ ഘട്ട പരീക്ഷണ ഓട്ടങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് സര്‍വീസ് ആരംഭിക്കുന്നത്. ഇടുക്കി ടൗണിന് അടുത്ത് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത് ഹൈറേഞ്ചിലെ കൃഷിയ്‌ക്കും വിനോദ സഞ്ചാര മേഖലയ്‌ക്കും കൂടുതല്‍ കരുത്തേകുമെന്നാണ് വിലയിരുത്തല്‍. 

ഹൈറേഞ്ചില്‍ നിന്നുള്ള സുഗന്ധ വ്യഞ്ജനങ്ങള്‍ അടക്കമുള്ളവയുടെ ചരക്ക് നീക്കവും വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇത് ഏറെ ഗുണകരമാകുമെന്ന് മാത്രമല്ല ശബരിമല തീര്‍ഥാടകര്‍ക്കും ഇത് ഏറെ ആശ്വാസകരമാകും. 

ABOUT THE AUTHOR

...view details