ഇടുക്കിയ്ക്ക് പ്രതീക്ഷ; ബോഡി നായ്ക്കന്നൂരില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു, ആദ്യ സര്‍വീസ് പുറപ്പെട്ടത് ഇന്നലെ
ഇടുക്കി:നീണ്ട നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം കേരള-തമിഴ്‌നാട് അതിര്‍ത്തി നഗരമായ ബോഡി നായ്‌ക്കന്നൂരില്‍ നിന്നും ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. സ്റ്റേഷനില്‍ നിന്നും ആദ്യ സര്‍വീസ് നടത്തിയ ചെന്നൈ സെൻട്രൽ എക്‌സ്‌പ്രസ് ഇന്നലെ (ജൂണ്‍ 15) രാത്രി 8.30ന് കേന്ദ്രമന്ത്രി എൽ. മുരുകൻ ഫ്ലാഗ് ഓഫ് ചെയ്‌തു. ഇതോടെ ഇടുക്കിക്കാര്‍ക്ക് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനായി ബോഡി നായ്‌ക്കന്നൂര്‍ മാറി.
ജില്ലയിലെ അതിര്‍ത്തി മേഖലയായ ബോഡിമെട്ടില്‍ നിന്നും 27 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ബോഡി നായ്‌ക്കന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തും. മേഖലയില്‍ നിന്നും ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത് ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്‌ക്കും കാര്‍ഷിക മേഖലയ്‌ക്കും ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ഹൈറേഞ്ചില്‍ നിന്നുള്ള സുഗന്ധ വ്യഞ്ജനങ്ങളുടെ കയറ്റുമതിയ്‌ക്കും ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത് പ്രതീക്ഷയേകുന്നതാണ്. കൂടാതെ ശബരിമലയിലേക്കുള്ള തീര്‍ഥാടകര്‍ക്കും ഇത് ഏറെ ഗുണകരമാണ്.
സ്റ്റേഷനില്‍ നിന്നും യാത്ര നടത്തുന്ന ട്രെയിനുകളും സമയവും: ആഴ്‌ചയില്‍ മൂന്ന് ദിവസമാണ് (തിങ്കള്‍, ബുധന്‍, വെള്ളി) ബോഡി നായ്‌ക്കന്നൂരില്‍ നിന്നും ചെന്നൈയിലേക്ക് ട്രെയിന്‍ സര്‍വീസ് നടത്തുക. ഈ ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ ചെന്നൈയില്‍ നിന്ന് ബോഡി നായ്‌ക്കന്നൂരിലേക്ക് തിരിച്ചും സര്‍വീസ് നടത്തും. ബോഡി നായ്‌ക്കന്നൂര്‍- ചെന്നൈ സര്‍വീസിന് പുറമെ മധുര- ബോഡി നായ്ക്കന്നൂർ റൂട്ടിൽ അൺ-റിസേർവ്ഡ് എക്‌സ്‌പ്രസ് എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും.