Train Enters Into Wrong Track: മാവേലിയുടെ ട്രാക്ക് മാറി, കാഞ്ഞങ്ങാട്ട് വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക് - കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷന്‍
Published : Oct 26, 2023, 10:15 PM IST
കാസർകോട്: കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിൽ മാവേലി എക്‌സ്‌പ്രസ് ട്രാക്ക് മാറി കയറി. വ്യാഴാഴ്‌ച (26.10.2023) വൈകിട്ട് 6.45നാണ് സംഭവം. ഈ സമയം ട്രാക്കിൽ വേറെ ട്രെയിൻ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ട്രെയിൻ. കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിൽ ഒന്നാമത്തെ പ്ലാറ്റ് ഫോമിലായിരുന്നു ട്രെയിൻ എത്തേണ്ടിയിരുന്നത്. എന്നാൽ നടുവിലുള്ള ട്രാക്കിലാണ് ട്രെയിൻ ട്രാക്ക് മാറി കയറിയത്. ഉടൻ ട്രെയിൻ നിർത്തുകയും ചെയ്‌തു. ട്രാക്ക് മാറിയതോടെ യാത്രക്കാരും പരിഭ്രാന്തിയിലായി. പിന്നീട് ട്രെയിൻ ഒന്നാമത്തെ പ്ലാറ്റ് ഫോമിൽ എത്തിച്ചു യാത്രക്കാരെ കയറ്റിയ ശേഷമാണ് പുറപ്പെട്ടത്. സിഗ്നൽ തകരാർ ആണോ ലോക്കോ പൈലറ്റിന്‍റെ പിഴവാണോ എന്ന കാര്യത്തിൽ വ്യക്ത വന്നിട്ടില്ല. ഇത് സംബന്ധിച്ച് റെയിൽവേയുടെ ഔദ്യോഗിക വിശദീകരണവും വന്നിട്ടില്ല. അതേസമയം ഇക്കഴിഞ്ഞ ജൂണിലാണ് രാജ്യം ഇതുവരെ കണ്ട ഏറ്റവും വലിയ ട്രെയിന്‍ ദുരന്തങ്ങളിലൊന്നായി മാറി ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടമുണ്ടായത്. ബംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമണ്ഡല്‍ എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിൻ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. പാളം തെറ്റിയതിനെ തുടര്‍ന്ന് മറിഞ്ഞ ബെംഗളൂരു ഹൗറ സൂപ്പര്‍ഫാസ്‌റ്റ് എക്‌സ്‌പ്രസ് ട്രെയിനില്‍ ഷാലിമാര്‍ ചെന്നൈ സെന്‍ട്രല്‍ കോറോമണ്ഡല്‍ എക്‌സ്‌പ്രസ് ട്രെയിന്‍ ഇടിച്ചാണ് അപകടമുണ്ടായത്. നിലവില്‍ ബാലസോറിലെ ട്രാക്ക് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.