കൈകൊടുക്കാതെ ജയ്‌ശങ്കറിന്‍റെ നമസ്‌തേ നയതന്ത്രം: കൈകൂപ്പി ബിലാവല്‍ ഭൂട്ടോ, കൈ മുഷ്ടിയോട് കൈപ്പത്തി ചേർത്ത് ചൈനീസ് വിദേശകാര്യമന്ത്രി - എസ് ജയ്‌ശങ്കറിന്‍റെ സ്വീകരണ നയം
പനാജി: ഗോവയില്‍ നടക്കുന്ന ഷാങ്‌ഹായ് സഹകരണ സംഘടനയിലെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തില്‍ ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ് ജയ്‌ശങ്കറിന്‍റെ സ്വീകരണ നയം ചർച്ചയാകുന്നു. പരമ്പരാഗത രീതിയില്‍ കൈകൂപ്പിയാണ് ജയ്‌ശങ്കർ മറ്റ് വിദേശകാര്യമന്ത്രിമാരെ സ്വീകരിച്ചത്. കൈകൊടുത്ത് (ഷെയ്‌ക്ക് ഹാൻഡ്) സ്വീകരിക്കുന്ന പതിവ് ഒഴിവാക്കിയാണ് ജയ്‌ശങ്കർ മറ്റ് വിദേശകാര്യ മന്ത്രിമാരെ സ്വീകരിച്ചത്. പരസ്‌പരം ആലിംഗനം ചെയ്യുന്ന രീതിയും ഉണ്ടായില്ല.
പാകിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സർദാരിയെ ചിരിച്ചുകൊണ്ട് കൈകൂപ്പി ജയ്‌ശങ്കർ സ്വീകരിക്കുന്നതും ബിലാവല്‍ ഭൂട്ടോ തിരിച്ച് ചിരിച്ചുകൊണ്ട് കൈകൂപ്പി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. 2011ന് ശേഷം ആദ്യമായി ഇന്ത്യ സന്ദർശിച്ച പാക് വിദേശ കാര്യ മന്ത്രി കൂടിയാണ് ബിലാവല്‍ ഭൂട്ടോ.
എന്നാല്‍ ചടങ്ങിനെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങിനെ ജയ്‌ശങ്കർ കൈകൂപ്പി സ്വീകരിക്കുമ്പോൾ പരമ്പരാഗത ചൈനീസ് രീതിയിലാണ് ചൈനീസ് വിദേശകാര്യ മന്ത്രി ഖ്വിൻ ഗാങ് പ്രതികരിച്ചത്. കൈ മുഷ്ടിയോട് കൈപ്പത്തി ചേർത്ത് പരമ്പരാഗത ചൈനീസ് നമസ്‌കാരം നല്‍കിയ ശേഷം വേദിയിലേക്ക് കടക്കുന്ന ചൈനീസ് വിദേശ കാര്യമന്ത്രിയേയും ദൃശ്യങ്ങളില്‍ കാണാം. വേദിയിലേക്ക് എത്തിയ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് അടക്കമുള്ളവരേയും ജയ്‌ശങ്കർ കൈകൂപ്പിയാണ് സ്വീകരിക്കുന്നത്. ഗോവ ബെനോലിമിലെ ബീച്ച് റിസോർട്ടിലാണ് എട്ട് രാഷ്ട്രങ്ങളടങ്ങിയ എസ്‌സിഒയുടെ വിദേശകാര്യമന്ത്രിമാരുടെ യോഗം നടക്കുന്നത്. ഇന്ത്യയാണ് ഇപ്പോൾ എസ്‌സിഒയുടെ അധ്യക്ഷ സ്ഥാനത്തുള്ളത്.