റോഡില്‍ നിന്ന് തെന്നിമാറി കൊക്കയിലേക്ക് നിരങ്ങിയിറങ്ങി ബസ്; യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
ഇടുക്കി:കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ വിനോദ സഞ്ചാരികളുമായെത്തിയ ബസ് അപകടത്തില്‍പ്പെട്ടു. ദേശീയപാതയിലെ ആനവിരട്ടിക്കും ഇരുട്ടുകാനത്തിനും ഇടയിലാണ് ബസ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കവേ ബസ് റോഡില്‍ നിന്ന് തെന്നി മാറുകയും പിന്‍വശത്തെ ടയറുകള്‍ കൊക്കയിലേക്ക് നിരങ്ങി ഇറങ്ങുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ യാത്രക്കാര്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചതോടെ ബസ് ഒരു ഭാഗത്തേക്ക് ചരിഞ്ഞു. മൂന്നാറില്‍ നിന്നും എറണാകുളത്തേക്ക് മടങ്ങുന്ന സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. റോഡിലൂടെ എത്തിയ മറ്റ് യാത്രികരും നാട്ടുകാരും ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ കയര്‍ ഉപയോഗിച്ച് ബസിനെ സമീപത്തെ മരവുമായി ബന്ധിപ്പിച്ചു. തുടര്‍ന്ന് എമര്‍ജന്‍സി വാതില്‍ വഴിയും ഡ്രൈവറുടെ ക്യാബിന്‍ വഴിയും യാത്രികരെ സുരക്ഷിതരായി പുറത്തിറക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
48 യാത്രികരാണ് ബസില്‍ ഉണ്ടായിരുന്നത്. യാത്രക്കാര്‍ പുറത്തിറങ്ങിയതിന് പിന്നാലെ നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ബസ് റോഡിലേക്ക് വലിച്ചു കയറ്റി. തുടര്‍ന്ന് ഇതേ വാഹനത്തില്‍ തന്നെ സഞ്ചാരികള്‍ യാത്ര തുടര്‍ന്നു. സംഭവത്തിന് പിന്നാലെ റോഡിലെ ഗതാഗതം പൂര്‍ണമായും നിലച്ചിരുന്നു.