Tourism Sector In Idukki : ഓണക്കാലത്തെ കടുത്ത ചൂട് സൃഷ്‌ടിച്ച പ്രതിസന്ധി; ഇടുക്കിയെ കുളരണിയിച്ച് തിരികെയെത്തി മഴ, പ്രതീക്ഷയിൽ സംരംഭകർ - വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇടുക്കി
Published : Sep 9, 2023, 10:40 AM IST
ഇടുക്കി : ഓണക്കാലത്ത് ഇടുക്കിയിലെ ടൂറിസം മേഖലയ്‌ക്ക് (Idukki Tourism) കടുത്ത ചൂട് പ്രതിസന്ധി സൃഷ്‌ടിച്ചെങ്കിലും മഴ പുനരാരംഭിച്ചതിന്‍റെ പ്രതീക്ഷയിലാണ് സംരംഭകർ. ഇക്കഴിഞ്ഞ ഓണക്കാലത്ത് നാമമാത്രമായ സഞ്ചാരികളാണ് ഇടുക്കിയിലെ ഗ്രാമീണ ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് (Tourism Sector In Idukki) എത്തിയത്. മഴയും മഞ്ഞും സജീവമായതോടെ വീണ്ടും സഞ്ചാരികളുടെ പ്രവാഹം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇത്തവണത്തെ മണ്‍സൂണ്‍ മഴക്കാലം ഇടുക്കിയ്ക്ക് നിരാശ മാത്രമാണ് സമ്മാനിച്ചത്. വേനല്‍ കാലത്തിന് സമാനമായി ജലാശയങ്ങളിലെ ജലനിരപ്പ് താഴ്ന്നതും വെള്ളച്ചാട്ടങ്ങള്‍ നിര്‍ജീവമായതും ടൂറിസം മേഖല പ്രതിസന്ധിയില്‍ ആഴ്ത്തിയിരുന്നു. തദ്ദേശിയ സഞ്ചാരികള്‍ ഏറ്റവും അധികം എത്തുന്ന ഓണകാലത്ത് ഗ്രാമീണ ടൂറിസം കേന്ദ്രങ്ങളില്‍ മിക്കയിടത്തും വളരെ കുറവ് സഞ്ചാരികളാണ് എത്തിയത്. മൂന്നാറിലും (Munnar) തേക്കടിയിലും (Thekkady) വാഗമണിലും (Vagamon) മാത്രമാണ് ജനത്തിരക്ക് ഉണ്ടായിരുന്നത്. മഴ, വീണ്ടും സജീവമായതോടെ ഒക്ടോബറില്‍ ആരംഭിക്കുന്ന സീസണില്‍ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ. വെള്ളച്ചാട്ടങ്ങള്‍ സജീവമായതും പ്രതീക്ഷ വർധിപ്പിയ്ക്കുന്നു. മഴയ്‌ക്കൊപ്പം ഇടക്കിടെ എത്തുന്ന മഞ്ഞ് ഇടുക്കിയുടെ പച്ചപ്പിനെ പുതപ്പിച്ച് മറയുന്ന കാഴ്‌ചയും സഞ്ചാരികളെ ആകര്‍ഷിക്കും.