tomato price: തക്കാളി ട്രക്ക് മറിഞ്ഞു; പാഞ്ഞെത്തി നാട്ടുകാർ, ഒടുവിൽ സംഭവിച്ചത്... - തക്കാളി മോഷണം
തെലങ്കാന:തക്കാളി വില വിപണിയില്‍ ദിനംപ്രതി കുതിച്ചുയരുകയാണ്. പാവപ്പെട്ടവരും ഇടത്തരക്കാരും ഏറെക്കുറെ തക്കാളിയെ ഉപേക്ഷിച്ചു എന്നുതന്നെ പറയാം. തക്കാളി എവിടെയെങ്കിലും കണ്ടാൽ മോഷ്‌ടിച്ചിട്ടെങ്കിലും അത് കൈക്കലാക്കണമെന്ന് ചിലർക്ക് തോന്നിയേക്കാം. അത്തരം ഒരു വാർത്തയാണ് തെലങ്കാനയിൽ നിന്നും വരുന്നത്.
തക്കാളി ലോഡുമായി വന്ന ലോറി മറിഞ്ഞെന്ന വാർത്ത കേട്ട് അതിരില്ലാത്ത സന്തോഷത്തോടെയാണ് 'തക്കാളി പ്രേമികൾ' കൂട്ടത്തോടെ സ്ഥലത്തെത്തിയത്. നിർഭാഗ്യവശാൽ, ബാറ്റൺ പിടിച്ച് തക്കാളി ട്രക്കിന് കാവൽ നിൽക്കുന്ന പൊലീസുകാരെയാണ് അവർക്ക് കാണേണ്ടി വന്നത്. നിരാശരായ നാട്ടുകാർക്ക് ഒടുവിൽ 'വെറുംകയ്യോടെ' മടങ്ങേണ്ടി വന്നു.
ആസിഫാബാദ് ജില്ലയിലെ വാങ്കിടി മണ്ഡലത്തിലെ ബെന്ദാര ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ദേശീയ പാതയിലാണ് സംഭവം നടന്നത്. 11 ടണ്ണോളം വരുന്ന തക്കാളിയുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
ഉടൻ തന്നെ ലോറി ഉടമ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഒടുക്കം തക്കാളിക്ക് കാവലൊരുക്കാൻ പൊലീസ് എത്തി. തക്കാളി മുഴുവൻ മറ്റൊരു വാഹനത്തിൽ കയറ്റുന്നത് വരെ പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റതായാണ് വിവരം.