Lorry Dragged Car | പിന്നില്‍ ഇടിച്ച് കുരുങ്ങിയ കാറുമായി കുതിച്ച് ടിപ്പര്‍ ലോറി, ബഹളം കേട്ടതോടെ വേഗത കൂട്ടി ; ഒടുവില്‍ പിടിയില്‍ - മംഗലാപുരം
ഉഡുപ്പി (കര്‍ണാടക) :ഇടിച്ച് പിന്നില്‍ കുരുങ്ങിയ കാറുമായി ഏറെദൂരം സഞ്ചരിച്ച് ടിപ്പര്‍ ലോറി. പിന്നിൽ ഇടിച്ച് കുടുങ്ങിയ കാറിനെ ടിപ്പർ ലോറി ഒരു കിലോമീറ്ററോളം വലിച്ചിഴയ്ക്കുകയായിരുന്നു. സാഗറില്‍ നിന്ന് മംഗലാപുരം ഭാഗത്തേക്ക് മൂന്നുപേര്‍ കാറില്‍ പോവുകയായിരുന്നു. ഇതിനിടെ ബെൽമാനിൽ നിന്ന് ബൈക്കംപാടി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ഇവരുടെ മുന്നിലേക്ക് കയറി. ഈ സമയം കാര്‍ ടിപ്പറില്‍ ഇടിക്കുകയായിരുന്നു. എന്നാല്‍ അപകടം സംഭവിച്ചതറിഞ്ഞ് ടിപ്പര്‍ ഡ്രൈവര്‍ അമിതവേഗത്തില്‍ സ്ഥലം വിട്ടുപോവുകയായിരുന്നു. അപകടമുണ്ടായതിനാൽ പൊതുജനങ്ങൾ പിടികൂടി മർദിച്ചേക്കുമെന്ന ആശങ്കയിലായിരുന്നു ഇയാള്‍. അതേസമയം കാര്‍ പിന്നില്‍ കുരുങ്ങിയത് ഇയാള്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ കാറിനെയും വലിച്ചിഴച്ച് ലോറി അമിത വേഗത്തില്‍ പോവുന്നത് ശ്രദ്ധയില്‍പ്പെട്ട മറ്റൊരു വാഹനം ടിപ്പറിനെ പിന്തുടരുകയും നിര്‍ത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തില്‍ ടിപ്പര്‍ ലോറി സഹിതം ഡ്രൈവറെ ടുബിദ്രെ പൊലീസ് കസ്റ്റഡിയിലെടുത്തു. അടുത്തിടെ ബെംഗളൂരു നഗരത്തില്‍ ജ്ഞാന ഭാതി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഉള്ളാലയില്‍ അപകടത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം മൂലം യുവാവിനെ കാറിന്‍റെ ബോണറ്റില്‍ വലിച്ചിഴച്ചിരുന്നു.
Also Read: അപകടത്തെ തുടര്‍ന്ന് തര്‍ക്കം; യുവാവിനെ കാറിന്‍റെ ബോണറ്റില്‍ വലിച്ചിഴച്ച് യുവതി, സിസിടിവി ദൃശ്യങ്ങള്‍